
വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാന് ദേഹാസ്വാസ്ഥ്യം,വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി
വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന് ദേഹാസ്വാസ്ഥ്യം. പാങ്ങോട് സ്റ്റേഷനിൽ വെച്ചാണ് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ബി.പി വ്യത്യാസമെന്ന് ഡോക്ടർമാർ പറയുന്നു. പ്രതിയെ തിരികെ സ്റ്റേഷനിൽ എത്തിച്ചു. ഇന്ന് രാവിലെ ആറരയോടുകൂടിയാണ് അഫാന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അഫാനുമായി പൊലീസ് തെളിവെടുപ്പ് നടത്തും.
വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാനെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. മൂന്ന് ദിവസമാണ് കസ്റ്റഡി കാലാവധി. കസ്റ്റഡിയിൽ ചോദ്യം ചെയ്തതിനെ തുടർന്ന് കൊലപാതക കാരണം അഫാൻ പൊലീസിനോട് പറഞ്ഞിരുന്നു. കൊലപാതകം നടന്ന പാങ്ങോടുള്ള വീട്ടിലും, ധനകാര്യ സ്ഥാപനത്തിലും പ്രതിയുമായി ഇന്ന് തെളിവെടുപ്പ് നടത്തും. കൂട്ടകൊലപാതക ദിവസം ഉമ്മയെ ആക്രമിച്ച് കൊലപ്പെടുത്തിയ പ്രതി ചുറ്റിക വാങ്ങി നേരെ പോയത് പിതൃമാതാവിന്റെ വീട്ടിലേക്കായിരുന്നു. ഇവിടെ എത്തിച്ചാണ് ആദ്യം തെളിവെടുപ്പ് നടത്തുക.
അതേസമയം ചികിത്സയിൽ കഴിയുന്ന ഷെമിയോട് ഇളയ മകൻ മരിച്ച വിവരം കുടുംബം അറിയിച്ചിരുന്നു. മക്കളെ തിരക്കിയപ്പോൾ രണ്ടുപേരും അപകടത്തിൽ പരിക്കേറ്റുവെന്നും, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലും എന്നാണ് പിതാവ് ആദ്യം പറഞ്ഞത്. മെഡിക്കൽ കോളേജിൽ നിന്ന് അവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഷെമി നിർദ്ദേശിച്ചപ്പോഴാണ് ഇളയ മകൻ മരിച്ച വിവരം അബ്ദുൽ റഹീം പറഞ്ഞത്.