‘എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം’; അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി ഐക്യരാഷ്ട്ര സഭ
ഡല്‍ഹി: അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി ഐക്യരാഷ്ട്ര സഭ. എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് UN വക്താവ് പറഞ്ഞു. തിരഞ്ഞെടുപ്പ് നടക്കുന്ന ഏതൊരു രാജ്യത്തെയും പോലെ ഇന്ത്യയിലും രാഷ്ട്രീയവും പൗരാവകാശങ്ങളും ഉള്‍പ്പെടെ എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. എല്ലാവര്‍ക്കും സ്വതന്ത്രവും നീതിയുക്തവുമായ അന്തരീക്ഷത്തില്‍ വോട്ടുചെയ്യാന്‍ കഴിയണമെന്നും UN വക്താവ് പറഞ്ഞു. അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റും കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതുമായ വിഷയങ്ങളിലുമാണ് പ്രതികരണം.
അതേസമയം മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാളിനെതിരെ നടപടി കടുപ്പിക്കാനാണ് ഇഡിയുടെ തീരുമാനം. ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാന്‍ കെജ്രിവാളിനോട് പാസ്വേഡ് ആവശ്യപ്പെടും. പാസ്വേഡ് നല്‍കിയില്ലെങ്കില്‍ മറ്റ് രീതിയില്‍ രേഖകള്‍ ശേഖരിക്കാന്‍ ആണ് ഇഡിയുടെ നീക്കം. മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി ചോദ്യം ചെയ്യാനും ഇഡി തീരുമാനിച്ചിട്ടുണ്ട്. ഗോവയിലെ ചില ആം ആദ്മി സ്ഥാനാര്‍ഥികളെയും കെജ്രിവാളിന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാനും ഇഡി തീരുമാനിച്ചിട്ടുണ്ട്. അഴിമതിയുടെ മുഖ്യ ആസൂത്രകന്‍ കേജ്രിവാള്‍ എന്നാണ് ഇഡിയുടെ ആരോപണം.അന്വേഷണതില്‍ സഹകരിക്കാന്‍ സന്നദ്ധത കേജ്രിവാള്‍ പ്രകടിപ്പിച്ചിരുന്നു.