‘കുട്ടികള്‍ തമ്മില്‍ ചെറിയ തര്‍ക്കം ഉണ്ടായിരുന്നു, ആ ദേഷ്യത്തിലാണ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചത്’;തൃശൂർ കളക്ടർ
തൃശൂര്‍: ചില്‍ഡ്രന്‍സ് ഹോമില്‍ പതിനഞ്ച് വയസുകാരന്‍ പതിനേഴ് വയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്ന സംഭവത്തില്‍ പ്രതികരണവുമായി തൃശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. കെയര്‍ടേക്കര്‍മാര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. കെയര്‍ടേക്കര്‍മാര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്നലെ വൈകീട്ട് രണ്ട് കുട്ടികള്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. പക്ഷേ ഇന്നലെ തന്നെ പ്രശ്‌നം പരിഹരിച്ചിരുന്നു. തര്‍ക്കത്തിനിടയില്‍ 15കാരന് പരിക്ക് ഉണ്ടായിരുന്നു. അതില്‍ പ്രകോപിതനായാണ് ഇന്ന് രാവിലെ തര്‍ക്കമുണ്ടായതെന്നും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പ്രതികരിച്ചു.
ഇന്ന് രാവിലെയാണ് തൃശൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ പതിനഞ്ച് വയസുകാരന്‍ പതിനേഴ് വയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. ഇരുവരും തമ്മില്‍ ചെറിയ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായാണ് വിവരം. യുപി സ്വദേശിയായ അങ്കിത് ആണ് മരിച്ചത്. ഇരിങ്ങാലക്കുടയില്‍ നിന്നും 2023 ലാണ് അങ്കിത് തൃശൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ എത്തുന്നത്. കൊല നടത്തിയ 15 വയസ്സുകാരന്‍ ഒരുമാസം മുമ്പാണ് ചില്‍ഡ്രന്‍സ് ഹോമിലെത്തിയത്.