വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ക്രൂര മര്‍ദ്ദനത്തിനിരയാക്കിയ കേസിലെ മുഖ്യ പ്രതി പൊലീസ് പിടിയില്‍

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ക്രൂര മര്‍ദ്ദനത്തിനിരയാക്കിയ കേസിലെ മുഖ്യ പ്രതി പൊലീസ് പിടിയില്‍

കോഴിക്കോട്: എളേറ്റില്‍ വട്ടോളിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച കേസിലെ മുഖ്യ പ്രതിയെ പൊലീസ് പിടികൂടി. ആവിലോറ പാറക്കല്‍ മുഹമ്മദ് ആപ്പു (43)വിനെയാണ് കൊടുവളളി പൊലീസ് ബാംഗ്ലൂരിലെ ഒളിത്താവളത്തില്‍ നിന്നും പിടികൂടിയത്. എളേറ്റില്‍ വട്ടോളിയിലെ വ്യാപാരിയായ മുഹമ്മദ് ജസീമിനെയാണ് ആപ്പുവും കൂട്ടാളികളും തട്ടിക്കൊണ്ട്പോയി ക്രൂരമായി മര്‍ദ്ദിച്ചത് 2023 ഡിസംബര്‍ 12ന് ഉച്ചയോടെയാണ് മൂന്നംഗ സംഘം മുഹമ്മദ് ജസീമിനെ കടയില്‍നിന്ന് വിളിച്ചിറക്കി കാറില്‍ കയറ്റിക്കൊണ്ടുപോയത്. പിന്നീട് ഇയാളെ മണ്ണില്‍ക്കടവിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ക്രൂരമായി മര്‍ദിച്ച് റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു.

ഈ കേസില്‍ നേരത്തെ കിഴക്കോത്ത് ആവിലോറ പാറക്കല്‍ അബ്ദുല്‍ റസാഖ്(51), സകറിയ(36), റിയാസ്(29), ആവിലോറ മതുകൂട്ടികയില്‍ അബ്ദുല്‍ നാസര്‍(48) എന്നിവര്‍ പൊലീസിന്റെ പിടിയിലായിരുന്നു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും മുഖ്യപ്രതി ആപ്പുവിനെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. ഇതിനിടയിലാണ് ആപ്പു ബാംഗ്ലൂരില്‍ ഒളിച്ച് താമസിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് കൊടുവള്ളി ഇന്‍സ്പെക്ടര്‍ സി. ഷാജുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ ജിയോ സദാനന്ദന്‍, എ.എസ്.ഐ കെ.വി ശ്രീജിത്ത്, സി.പി.ഒമാരായ ഷെഫീഖ് നീലിയാനിക്കല്‍, വിപിന്‍ സാഗര്‍, ഡ്രൈവര്‍ സത്യരാജ് എന്നിവരടങ്ങിയ അന്വേഷണ സംഘം ബാംഗ്ലൂരിലെ കെങ്കേരിയില്‍ വെച്ചാണ് ആപ്പുവിനെ പിടികൂടിയത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )