
ആ 21 മില്യൺ ഡോളർ എന്റെ സുഹൃത്ത് മോദിയ്ക്ക്; വീണ്ടും വിവാദ പരാമര്‍ശവുമായി ട്രംപ്
ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ നീക്കിവെച്ച 21 മില്യണ്‍ ഡോളറിന്റെ ഫണ്ട് റദ്ദാക്കിയ വിഷയത്തില്‍ വീണ്ടും അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആ 21 മില്യണ്‍ ഡോളര്‍ എന്റെ സുഹൃത്ത് മോദിയ്ക്കും ഇന്ത്യയ്ക്കുമാണെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. 2022 ല്‍ ഇന്ത്യയ്ക്കല്ല, ബംഗ്ലാദേശിനാണ് 21 മില്യണ്‍ ഡോളര്‍ ഗ്രാന്റ് അനുവദിച്ചതെന്ന് അവകാശപ്പെടുന്ന ഒരു റിപ്പോര്‍ട്ടിന് പിന്നാലെയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏറ്റവും പുതിയ ആക്രമണം.
’21 മില്യണ്‍ ഡോളര്‍ എന്റെ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യയിലെ വോട്ടര്‍മാര്‍ക്കുമാണ്. തിരഞ്ഞെടുപ്പുകളില്‍ ഇന്ത്യയിലെ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ഞങ്ങള്‍ 21 മില്യണ്‍ ഡോളര്‍ നല്‍കുന്നു. ഞങ്ങളെ സംബന്ധിച്ചെന്ത്? എനിക്കും വോട്ടിംഗ് ശതമാനം വേണം’ ട്രംപ് പറഞ്ഞു. ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യം ശക്തിപ്പെടുത്തുന്നതിനായി 29 മില്യണ്‍ ഡോളര്‍ ഫണ്ട് അനുവദിച്ചതിനെക്കുറിച്ചും ട്രംപ് പരാമര്‍ശിച്ചു. ‘ബംഗ്ലാദേശിലെ 29 മില്യണ്‍ യുഎസ് ഡോളര്‍ ആരും കേട്ടിട്ടില്ലാത്ത ഒരു സ്ഥാപനത്തിനാണ് പോയത്. ആ സ്ഥാപനത്തില്‍ രണ്ട് പേര്‍ മാത്രമേ ജോലി ചെയ്യുന്നുള്ളൂ’ ട്രംപ് പറഞ്ഞു.
നേരത്തേയും വിഷയത്തില്‍ പ്രതികരണവുമായി ട്രംപ് എത്തിയിരുന്നു. വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ 21 മില്യണ്‍ ഡോളറോ? ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പ്രാതിനിധ്യത്തെപ്പറ്റി നാം എന്തിന് ആശങ്കപ്പെടണം. നമുക്ക് ആവശ്യത്തിന് പ്രശ്‌നങ്ങളുണ്ട്. നമ്മുടെ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടതുണ്ട്. ആ പണം മുഴുവന്‍ ഇന്ത്യയിലേക്ക് പോകുമെന്ന് കരുതുന്നുണ്ടോ? അത് എപ്പോള്‍ ലഭിക്കുമെന്നാകും അവര്‍ കരുതുന്നത്. അതൊരു കൈക്കൂലിയാണ്. താന്‍ പലതവണ പറഞ്ഞതുപോലെ വ്യക്തികള്‍ക്കുള്ളതാണ് – ട്രംപ് പറഞ്ഞിരുന്നു.
ഇന്ത്യന്‍ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാനുള്ള യു.എസ. ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ്(USAID)ന്റെ 21 മില്യണ്‍ ഫണ്ട് സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടല്‍ ഉണ്ടായെന്നതു സംബന്ധിച്ച ആശങ്ക ഉയര്‍ത്തുന്നതാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ബന്ധപ്പെട്ട ഏജന്‍സികള്‍ ഇക്കാര്യം പരിശോധിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കന്‍ ഫണ്ട് സംബന്ധിച്ച വെളിപ്പെടുത്തല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വാക്‌പോരിന് ഇടയാക്കിയതിന് പിന്നാലെയാണിത്.