
‘തരൂര്‍ സെല്‍ഫ് ഗോള്‍ നിര്‍ത്തണം. തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡ്’; തുറന്നടിച്ച് കെ മുരളീധരന്‍
തിരുവനന്തപുരം : നരേന്ദ്ര മോദി- ട്രംപ് കൂടിക്കാഴ്ചയെയും കേരളത്തിലെ ഇടത് സര്‍ക്കാറിനറെ വ്യവസായ നയങ്ങളെയും പ്രശംസിച്ച ശശി തരൂരിനെതിരെ തുറന്നടിച്ച് കെ മുരളീധരന്‍. പാര്‍ട്ടി നയം തള്ളി എല്ലാ കാര്യത്തിലും നേതാക്കള്‍ക്ക് വ്യക്തിപരമായ അഭിപ്രായം പറയാനാകില്ലെന്നും തരൂര്‍ പാര്‍ട്ടിക്ക് വിധേയനാകണമെന്നും മുരളീധരന്‍ തുറന്നടിച്ചു. തരൂരിന്റെ നടപടി അച്ചടക്ക ലംഘനമാണ്. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കണം.
നാലു തവണ ജയിപ്പിച്ച പാവപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരെ തരൂര്‍ മറന്നുവെന്നും മുരളീധരന്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗത്വം പാര്‍ട്ടിയെ വിമര്‍ശിക്കാനുള്ള ആയുധമാക്കരുതെന്നും മുരളീധരന്‍ പറഞ്ഞു. അതേ സമയം, പാര്‍ട്ടിയെ വെല്ലുവിളിക്കുന്ന ശശി തരൂരിനോടുള്ള നേതൃത്വത്തിന്റെ നിലപാടില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു. തരൂരിനെ ഒട്ടും വിമര്‍ശിക്കാതെ വ്യവസായമന്ത്രിയുടെ അവകാശവാദങ്ങളെ മാത്രം തള്ളിപ്പറഞ്ഞുള്ള കെ പി സി സി അധ്യക്ഷന്റെ പ്രതികരണത്തോടെയാണ് ഭിന്നത രൂക്ഷമായത്.
ശക്തമായ ഭാഷയില്‍ തരൂരിനെ തള്ളിപ്പറഞ്ഞ പ്രതിപക്ഷ നേതാവ് വി ഡി സതീശനും യു ഡി എഫ് കണ്‍വീനര്‍ എം എം ഹസനുമടക്കം രംഗത്തെത്തിയപ്പോള്‍ ചില നേതാക്കള്‍ മൗനത്തിലുമാണ്. വ്യക്തിപരമായി അഭിപ്രായം പറയണമെങ്കില്‍ തരൂര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗത്വം രാജിവെക്കണമെന്നായിരുന്നു ഹസനടക്കമുള്ളവര്‍ പറഞ്ഞത്. മറുവശത്ത് തരൂരിന്റെ പ്രശംസ പിടിവള്ളിയാക്കി മുഖ്യമന്ത്രി അടക്കമുള്ള സി പി എം നേതാക്കള്‍ പ്രതിപക്ഷത്തെ കടന്നാക്രമിക്കുന്നതും യു ഡി എഫിലെ തലവേദനയുടെ ആക്കം കൂട്ടുകയാണ്.