സുരേഷ് ഗോപിക്ക് ഡല്‍ഹിയില്‍ ഒരു പണിയുമില്ല; അതാണ് കേരളത്തില്‍ തമ്പടിച്ച് കിടക്കുന്നത്; ജോണ്‍ ബ്രിട്ടാസ് എംപി

സുരേഷ് ഗോപിക്ക് ഡല്‍ഹിയില്‍ ഒരു പണിയുമില്ല; അതാണ് കേരളത്തില്‍ തമ്പടിച്ച് കിടക്കുന്നത്; ജോണ്‍ ബ്രിട്ടാസ് എംപി

ആശാ വര്‍ക്കര്‍മാരുടെ സമരത്തില്‍ ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ജോണ്‍ ബ്രിട്ടാസ് എംപി. സുരേഷ് ഗോപിക്ക് ഡല്‍ഹിയില്‍ ഒരു പണിയുമില്ല. പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോഴാണ് ഒരു കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് ഇങ്ങനെ തമ്പടിച്ച് കിടക്കുന്നത്. സുരേഷ് ഗോപി ബിജെപിക്കാര്‍ക്ക് തന്നെ തലവേദനയാണ്. അദേഹം പറയുന്ന കാര്യങ്ങളില്‍ എന്തെങ്കിലും കഴമ്പുണ്ടോയെന്ന് ബിജെപിക്കാര്‍ പോലും വിശ്വസിക്കുന്നില്ലെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

അതേസമയം, സംസ്ഥാനത്തിന് ഒന്നും കൊടുത്തില്ലെന്നാണ് ഇനിയും വാദമെങ്കില്‍ സര്‍ക്കാര്‍ യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിവരുമെന്ന് സുരേഷ് ഗോപി പറഞ്ഞു. അല്ലാത്തപക്ഷം അടുത്ത ഗഡു കേന്ദ്രം നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിക്കിമില്‍ ആശ വര്‍ക്കര്‍മാരെ തൊഴിലാളി ജീവനക്കാരായി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേപോലെ കേരളത്തിലും പട്ടികയില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ തൊഴില്‍, ആരോഗ്യ വകുപ്പ് മന്ത്രിമാരോട് ആശ വര്‍ക്കര്‍മാര്‍ ആവശ്യപ്പെടണമെന്ന് കേന്ദ്ര സഹമന്ത്രി സമരക്കാരോടു പറഞ്ഞു.

ആശാ വര്‍ക്കര്‍മാര്‍ക്ക് കേന്ദ്രം നല്‍കാനുള്ളതെല്ലാം നല്‍കിയെന്നും സുരേഷ് ഗോപി സമരപ്പന്തലില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തകരുടെ വേതനം കൂട്ടുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്നലെ രാത്രിയായിരുന്നു സന്ദര്‍ശനം. ആശാ വര്‍ക്കര്‍മാരെ മന്ത്രി വീണാ ജോര്‍ജും സര്‍ക്കാരും പറഞ്ഞു പറ്റിക്കുകയാണ്. സിക്കിം സര്‍ക്കാര്‍ മാത്രമാണ് ആശാ വര്‍ക്കര്‍മാരെ തൊഴിലാളി എന്ന ഗണത്തിലേക്ക് മാറ്റിയിട്ടുള്ളൂ. മറ്റ് സംസ്ഥാനങ്ങള്‍ക്കെല്ലാം അത് ചെയ്യാം. മന്ത്രിമാരായ വീണാ ജോര്‍ജും ശിവന്‍കുട്ടിയും വിചാരിച്ചാല്‍ നിങ്ങളെ ആ കാറ്റഗറിയിലേക്ക് മാറ്റാന്‍ പറ്റുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ പാര്‍ലമെന്റില്‍ പറഞ്ഞതെല്ലാം സത്യം. സഭയില്‍ കള്ളം പറയാന്‍ സാധിക്കില്ല. ഭാഷ മനസിലാകാത്തതിനാലാണ് കേന്ദ്ര വിഹിതം കിട്ടിയില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറയുന്നത്. യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഇനി കിട്ടാനുള്ള തുക നല്‍കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus ( )