ഫീസടക്കാൻ സാധിക്കാതിരുന്ന വിദ്യാർഥിക്ക് സഹായ വാഗ്ദാനവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ഫീസടക്കാൻ സാധിക്കാതിരുന്ന വിദ്യാർഥിക്ക് സഹായ വാഗ്ദാനവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ലഖ്‌നൗ: ഐ.ഐ.ടിയിൽ അഡ്മിഷൻ ലഭിക്കുകയും സെർവർ തകരാർ മൂലം ഫീസടക്കാൻ സാധിക്കാതിരിക്കുകയും ചെയ്ത വിദ്യാർഥിക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ച​ന്ദ്രചൂഢ്. ഉത്തർപ്രദേശിലെ മുസഫർനഗറിലെ തി​തോറ ഗ്രാമത്തിലെ നിർധന ദളിത് വിദ്യാർഥിയായ അതുൽ കുമാറിനാണ് ഐ.ഐ.ടിയിൽ അഡ്മിഷൻ ലഭിച്ചത്.

എന്നാൽ, അഡ്മിഷൻ ഉറപ്പാക്കുന്നതിനായി നൽകേണ്ട ഫീസായ 17,500 രൂപ കൃത്യസമയത്ത് നൽകാൻ അതുൽ കുമാറിന് കഴിഞ്ഞില്ല. ഫീസടക്കാനുള്ള സമയപരിധി അവസാനിക്കാൻ മൂന്ന് മിനിറ്റ് മാത്രമുള്ളപ്പോഴുണ്ടായ സെർവർ തകരാറാണ് ദലിത് വിദ്യാർഥിയുടെ സ്വപ്നങ്ങൾ തകർത്തത്.

പഠിക്കാൻ പണമില്ലാത്തിനാൽ ഗ്രാമീണരാണ് വിദ്യാർഥിക്ക് ഫീസടക്കാനുള്ള പണം പിരിച്ച് നൽകിയത്. ജൂൺ 24നായിരുന്നു ഫീസടക്കാനുള്ള അവസാന തീയതി. അഞ്ച് മണിക്കകമായിരുന്നു ഫീസ് അടക്കേണ്ടിയിരുന്നത്. രേഖകൾ അപ്ലോഡ് ചെയ്തതിന് ശേഷം ഫീസടക്കാൻ നോക്കിയപ്പോൾ സർവർ തകരാറുണ്ടാവുകയായിരുന്നു. ഐ.ഐ.ടി ധൻബാദിൽ ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിലാണ് അതുലിന് അഡ്മിഷൻ ലഭിച്ചത്. ഫീസടക്കാൻ സാധിക്കാതിരുന്നതോടെ സഹായം തേടി അതുൽ ഝാർഖണ്ഡ് ഹൈകോടതിയെ സമീപിച്ചു. എന്നാൽ, മദ്രാസ് ഹൈകോടതിയിൽ ഹർജി നൽകാനായിരുന്നു ഝാർഖണ്ഡ് കോടതിയുടെ നിർദേശം.

എന്നാൽ, മദ്രാസ് ഹൈകോടതി കേസ് നൽകുന്നത് വൈകിയതോടെ ഹർജി പിൻവലിച്ച് അതുലിന്റെ അഭിഭാഷകൻ സുപ്രീംകോടതിയെ സമീപിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ ച​ന്ദ്രചൂഢും ജസ്റ്റിസ് ജെ.ബി പാർദിവാലയും മനോജ് മിശ്രയും ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സാധ്യമായ എല്ലാസഹായവും ചെയ്യുമെന്ന് ഉറപ്പ് നൽകിയ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് ഹരജി സെപ്തംബർ 30ന് പരിഗണിക്കാനായി മാറ്റുകയും ചെയ്തു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )