
സുനിത വില്യംസ് ഉടൻ ഇന്ത്യയിലെത്തുമെന്ന് ബന്ധു ഫാൽഗുനി പാണ്ഡ്യ
ഡൽഹി: സുനിത വില്യംസ് ഉടൻ ഇന്ത്യ സന്ദർശിക്കുമെന്ന് അടുത്ത ബന്ധു ഫാൽഗുനി പാണ്ഡ്യ. 9 മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം സുനിത വില്യംസ് തിരിച്ചെത്തിയതിൽ അതീവ സന്തോഷവതിയെന്ന് ഫാൽഗുനി പാണ്ഡ്യ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
അതേസമയം ഞങ്ങൾ ഒരുമിച്ച് അവധിക്കാലം ആഘോഷിക്കാനാണ് പദ്ധതിയിടുന്നത്. കുടുംബവുമായി ധാരാളം സമയം സുനിതയ്ക്ക് ചെലവിടാനാകും എന്നാണ് പ്രതീക്ഷയെന്നും ഫാൽഗുനി കൂട്ടിച്ചേർത്തു. സുനിത നമുക്ക് എല്ലാവർക്കും ഒരു മാതൃകയാണെന്നും സാഹചര്യങ്ങളെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുന്ന വ്യക്തിയാണെന്നും ഫാൽഗുനി പാണ്ഡ്യ പറഞ്ഞു.
അതേസമയം ഗുജറാത്തിലെ ജുലാസന്‍ ഗ്രാമം സുനിതയുടെ തിരിച്ചുവരവ് മധുരം വിതരണം ചെയ്ത് വളരെ ഗംഭീരമായാണ് ആഘോഷിച്ചത്. സുനിത വില്യംസും സംഘവും സുരക്ഷിതമായി തിരിച്ചെത്താന്‍ ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളില്‍ പ്രത്യേക പ്രാർത്ഥനകളും പൂജകളും നടന്നിരുന്നു.