
‘വിദ്യാര്‍ഥിയെ ക്രൂരമായി പീഡിപ്പിച്ചത് പിറന്നാള്‍ ആഘോഷിക്കാന്‍ പണം നല്‍കാത്തതിന്റെ പേരില്‍’; കോട്ടയം ഗവണ്‍മെന്റ് നഴ്‌സിങ് കോളജിലെ റാഗിങ് കേസിൽ മൊഴി നല്‍കി വിദ്യാര്‍ത്ഥികള്‍
കോട്ടയം ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് നഴ്സിംഗ് കോളേജിലെ റാഗിംഗ് കേസില്‍ മൊഴി നല്‍കി വിദ്യാര്‍ത്ഥികള്‍. വിദ്യാര്‍ഥിയെ ക്രൂരമായി പീഡിപ്പിച്ചത് പിറന്നാള്‍ ആഘോഷിക്കാന്‍ പണം നല്‍കാത്തതിന്റെ പേരിലാണെന്നാണ് മൊഴി. മുന്‍പും സമാന പീഠങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
പീഡനത്തിനിരയായ വിദ്യാര്‍ത്ഥിയുടെ പിറന്നാളായിരുന്നു. ഇതിന്റെ പേരില്‍ ചെലവ് ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് നല്‍കാന്‍ സാധിക്കില്ല എന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ക്രൂരമായ റാഗിങിലേക്ക് കാര്യങ്ങള്‍ പോയത്. മുന്‍പും മദ്യപിക്കുന്നതിന് വേണ്ടി ഇവര്‍ പണം ആവശ്യപ്പെട്ടിരുന്നു. അന്ന് നല്‍കാന്‍ സാധിക്കില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് കത്തി കഴുത്തില്‍ വച്ചാണ് ഭീഷണിപ്പെടുത്തിയത്.
റാഗിങിന് ഇരയായ വിദ്യാര്‍ഥികളുടെ വിശദമായ മൊഴി രേഖപ്പെടുത്തി. അഞ്ച് വിദ്യാര്‍ത്ഥികളുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. ക്രൂര പീഡനം മുന്‍പും നടന്നതായി വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയതായി സൂചന. കേസില്‍ കൂടുതല്‍ പ്രതികള്‍ ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി. നിലവില്‍ ഉള്ള പ്രതികള്‍ തന്നെയാണ് കുറ്റകൃത്യം ചെയ്തിരിക്കുന്നതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
അതേസമയം കോട്ടയം സര്‍ക്കാര്‍ നഴ്സിംഗ് കോളേജിലെ റാഗിംഗില്‍ കോളേജിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് പ്രിന്‍സിപ്പാള്‍ ഡോ.സുലേഖ ഇന്നലെ പറഞ്ഞിരുന്നു. ഇതിന് മുമ്പ് ആരും പരാതിപ്പെട്ടിട്ടില്ലെന്നും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു. പരാതി കിട്ടിയ ഉടനെ ആന്റി റാഗിങ് സെല്‍ നടപടി തുടങ്ങിയെന്നും പ്രിന്‍സിപ്പാള്‍ ഡോ.സുലേഖ അറിയിച്ചു. അതേസമയം അസി. വാര്‍ഡന്‍ മുഴുവന്‍ സമയവും ഹോസ്റ്റലില്‍ ഇല്ലെന്നും പ്രിന്‍സിപ്പാള്‍ ഡോ. സുലേഖ പറഞ്ഞു. രാത്രികാലങ്ങളില്‍ ഉള്ളത് ഹൗസ് കീപ്പിംഗ് ഇന്‍ ചാര്‍ജ് ആയ ഒരാള്‍ മാത്രം. ഈ ജീവനക്കാരനില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്നും കോളേജ് പ്രിന്‍സിപ്പാള്‍ അറിയിച്ചു.