ഓംപ്രകാശിനെതിരായ ലഹരി കേസ്; താരങ്ങൾ നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധന
ഗുണ്ടാത്തലവന്‍ ഓം പ്രകാശ് പ്രതിയായ ലഹരി കേസില്‍ ഇയാളുടെ ഫോണ്‍ രേഖകളില്‍ പരിശോധന തുടങ്ങി. താരങ്ങള്‍ ഓം പ്രകാശിനെ നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടോ എന്നതില്‍ അന്വേഷണം നടത്തും. കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്ന നടന്‍ ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാര്‍ട്ടിനും നേരിട്ട് ഓം പ്രകാശിനെ വിളിച്ചിട്ടുണ്ടോ, ഇതിന് മുന്‍പും ഇവര്‍ തമ്മില്‍ കോണ്‍ടാക്റ്റ് ചെയ്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് പൊലീസിന്റെ ശ്രമം. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്ന ബോബി ചലപതി എന്നയാളെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ പൊലീസ് ചോദ്യം ചെയ്യും. കൊച്ചിയിലെ സ്വകാര്യഹോട്ടലിലെ മൂന്ന് മുറികളാണ് ഓംപ്രകാശും കൂട്ടുപ്രതിയായ ഷിഹാസും എടുത്തിരുന്നത്. ഈ മൂന്ന് മുറികളില്‍ ഒരു മുറി ബോബി ചലപതിയുടെ പേരിലായിരുന്നു. ബോബി ചലപതിയുടെ അറിവോടെയാണോ ഓംപ്രകാശ് മുറി എടുത്തത് എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
ഈ ഹോട്ടല്‍ മുറികളില്‍ ഒരു ദിവസം 20ഓളം പേര്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതില്‍ സംശയം തോന്നി ഹോട്ടല്‍ അധികൃതരാണ് പൊലീസില്‍ വിവരം അറിയിച്ചത്. വിവരം ലഭിച്ച ഉടനെ പൊലീസെത്തി റെയ്ഡ് നടത്തുകയും കൊക്കെയ്ന്‍ അടങ്ങിയ സിപ് കവറും ഒപ്പം വിദേശ മദ്യകുപ്പികളും കണ്ടെത്തുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ ബോബി ചലപതിയെ കണ്ടെത്താന്‍ സാധിച്ചത്.
കേസുമായി ബന്ധപ്പെട്ട് 20ഓളം പേരെയാണ് ഇനി ചോദ്യം ചെയ്യാനുള്ളത്. ഇരുപതോളം പേര്‍ ഹോട്ടല്‍ മുറികളില്‍ സന്ദര്‍ശനം നടത്തിയെന്നാണ് ലഭിക്കുന്ന വിവരം. ഇവര്‍ക്കായുള്ള അന്വേഷണം നടക്കുകയാണ്. അതിനായി പൊലീസ് സിസിടിവി ദൃശ്യങ്ങളും ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ രാസലഹരിയുടെ സാന്നിധ്യമുണ്ടോ എന്നറിയാന്‍ ഫോറന്‍സിക് പരിശോധനയും നടത്തിയിരുന്നു. ഇതിന്റെ ഫലം വരുന്ന മുറയ്ക്ക് ഓം പ്രകാശിന്റെ ജാമ്യം തള്ളമെന്ന ഹര്‍ജി അടക്കം പൊലീസ് കോടതിയില്‍ സമര്‍പ്പിക്കാനാണ് സാധ്യത.
വേണ്ടത്ര തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഓംപ്രകാശിനും ഷിഹാസിനും കോടതി ജാമ്യം നല്‍കിയത്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന പൊലീസിന്റെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചുകഴിഞ്ഞാല്‍ പൊലീസ് ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ നല്‍കാനാണ് സാധ്യത. ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും ചോദ്യചെയ്യലിന് ഉടന്‍ നോട്ടീസ് അയ്ക്കാനും സാധ്യതയുണ്ട്. കൊക്കയ്ന്‍ ഉപയോ?ഗിച്ചുകഴിഞ്ഞാല്‍ ഹെയര്‍റൂട്ടില്‍ ഒരാഴ്ചയോളം അതിന്റെ സാന്നിധ്യം ഉണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്. അങ്ങനെയെങ്കില്‍ ഒരാഴ്ചക്കുള്ളില്‍ അവരുടെ മുടിനാരുകള്‍ ലഭിച്ചുകഴിഞ്ഞാല്‍, അത്തരത്തിലുള്ള പരിശോധന നടത്താന്‍ സാധിച്ചാല്‍ ഇവര്‍ ലഹരി വസ്തുക്കള്‍ ഉപയോ?ഗിച്ചിട്ടുണ്ടോയെന്നുള്ള കാര്യത്തില്‍ വ്യക്തത വരുത്താനായി സാധിക്കും.
കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പേര് വന്നതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയുമായി നടി പ്രയാഗ മാര്‍ട്ടിന്‍ രം?ഗത്തെത്തിയിരുന്നു. ‘ഹ..ഹാ..ഹി..ഹു!’ എന്നെഴുതിയ ഒരു ഫ്രെയിം ചെയ്ത ബോര്‍ഡാണ് പ്രയാഗ പോസ്റ്റ് ചെയ്തത്. ഇപ്പോഴത്തെ കേസന്വേഷണങ്ങളെ പരിഹസിച്ചാണ് നടിയുടെ ഇന്‍സ്റ്റാ സ്റ്റോറിയെന്നാണ് ആരാധകര്‍ പറഞ്ഞത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ലഹരിമരുന്ന് ഇടപാട് നടത്തിയെന്ന കണ്ടെത്തലിന് പിന്നാലെ കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനെ കൊച്ചി കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സിനിമാ താരങ്ങളായ പ്രയാഗ മാര്‍ട്ടിന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ ഓംപ്രകാശിന്റെ ഹോട്ടല്‍ മുറിയിലെത്തിയിരുന്നുവെന്നും ലഹരി പാര്‍ട്ടി സംഘടിപ്പിച്ചുവെന്നും കണ്ടെത്തിയിരുന്നു.