സോറോസ്-സോണിയ ഗാന്ധി ബന്ധമെന്ന ആരോപണം; ബിജെപിക്കെതിരെ ഫ്രഞ്ച് മാധ്യമം
ബിജെപി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന രൂക്ഷ വിമര്‍ശനവുമായി ഫ്രഞ്ച് അന്വേഷണാത്മക മാധ്യമമായ മീഡിയ പാര്‍ട്ട്. സോറോസ്-സോണിയ ഗാന്ധി ബന്ധമെന്ന ആരോപണം ഉന്നയിക്കുമ്പോള്‍ ബിജെപി ഉദ്ധരിച്ച വാര്‍ത്താ ഏജന്‍സിയാണ് മീഡിയപാര്‍ട്ട്. എന്നാല്‍ ബിജെപി വാദത്തിന് തെളിവില്ലെന്ന് മീഡിയപാര്‍ട്ട് വ്യക്തമാക്കുന്നു. ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും അവര്‍ കുറിച്ചു. ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍, ”രാഷ്ട്രീയ അജണ്ടകള്‍ക്കായി ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഒസിസിആര്‍പിയെ കുറിച്ച് അടുത്തിടെ പ്രസിദ്ധീകരിച്ച അന്വേഷണാത്മക ലേഖനം ഉപകരണമാക്കി മാറ്റിയതിനെ മീഡിയപാര്‍ട്ട് ശക്തമായി അപലപിക്കുന്നു. സംഭവിച്ചത് രാഷ്ട്രീയ അജണ്ടയും പത്രസ്വാതന്ത്ര്യത്തെ ആക്രമിക്കലുമാണ്”.
ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിക്കെതിരായ സോറോസ് ആരോപണത്തില്‍ ബിജെപി ഉദ്ധരിച്ചത് മീഡിയപാര്‍ട്ട് റിപ്പോര്‍ട്ടാണ്. ഫ്രഞ്ച് പ്രസിദ്ധീകരണമായ മീഡിയാപാര്‍ട്ട് പുറത്തുവിട്ട റിപ്പോര്‍ട്ടിന്റെ ഉള്ളടക്കമെന്ന നിലയിലായിരുന്നു ആരോപണങ്ങള്‍. ഹംഗേറിയന്‍- അമേരിക്കന്‍ വ്യവസായിയുമായ ജോര്‍ജ് സോറോസുമായി സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബന്ധമുണ്ടെന്നും ബിജെപി ആരോപിച്ചിരുന്നു. ബിജെപി ഉയര്‍ത്തിയ ഈ ഗൂഢാലോചന സിദ്ധാന്തത്തെ പിന്തുണയ്ക്കുന്ന വസ്തുതകളൊന്നും ലഭ്യമല്ല, ഇന്ത്യയില്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്തുന്ന ധീരരായ ഇന്ത്യന്‍- അന്തര്‍ദേശീയ മാധ്യമപ്രവര്‍ത്തകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും കാരിന്‍ ഫ്യൂട്ടോ കൂട്ടിക്കിച്ചേര്‍ത്തു.
പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ആക്രമിക്കാന്‍ മീഡിയപാര്‍ട്ടിന്റെ റിപ്പോര്‍ട്ട് ഉപയോഗിച്ച് അമേരിക്കയിലെ അന്വേഷണാത്മക മാധ്യമ കൂട്ടായ്മയായ ഒസിസിആര്‍പിയുമായും ജോര്‍ജ് സോറോസുമായും ഗൂഢാലോചന നടത്തിയെന്ന ആരോപണം ബിജെപി ഉയര്‍ത്തിയത് വലിയ വിവാദമായിരുന്നു. സോണിയ ഗാന്ധിക്ക് ജോര്‍ജോ സോറോസ് ഫൗണ്ടേഷന്‍ ഫണ്ട് നല്‍കുന്ന ഗ്രൂപ്പുമായി ബന്ധമുണ്ടെന്നായിരുന്നു ബിജെപിയുടെ ആരോപണം. കശ്മീര്‍ സ്വതന്ത്ര രാഷ്ട്രമാക്കണമെന്ന ആശയത്തിന്റെ പിന്തുണക്കാരാണ് ജോര്‍ജ് സോറോസ് ഫൗണ്ടേഷന്‍ എന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്.