ഡൽഹിയിൽ പുകമഞ്ഞ്; വായുമലിനീകരണം അതിരൂക്ഷം; സ്ഥിതി ഗുരുതരം
ന്യൂഡല്‍ഹി: വായുമലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ സ്ഥിതി ഗുരുതരം. വായുവിന്റെ നിലവാരം മോശമായതിനെ തുടര്‍ന്ന് നഗരം പുകമയമാണ്. കഴിഞ്ഞ മൂന്ന് ദിവസമായി വായുവിന്റെ ഗുണനിലവാരത്തില്‍ പുരോഗതിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വായു ഗുണനിലവാര സൂചികയില്‍ ഡല്‍ഹിയിലെ വായുവിന്റെ നിലവാരം 373 ആണ് ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെ നടത്തിയ പരിശോധനയില്‍ ആണ് ഈ നില രേഖപ്പെടുത്തിയത്. തിങ്കളാഴ്ച നടത്തിയ പരിശോധനയില്‍ ഇത് 381 ഉം, 382ഉം ആയിരുന്നു.
ഡല്‍ഹിയിലെ എട്ട് നഗരങ്ങളില്‍ വായു മലിനീകരണം അതിരൂക്ഷമാണ്. ആനന്ദ് വിഹാര്‍, അശോക് വിഹാര്‍, ബവാന, മുണ്ട്ക , ന്യൂ മോട്ടി നഗര്‍, ജഹാംഗിര്‍പുരി, വാസിര്‍പൂര്‍, വിവേക് വിഹാര്‍ എന്നിവിടങ്ങളിലാണ് വായുമലിനീകരണം അതിരൂക്ഷമായത്. പലഭാഗങ്ങളിലും വായുവിന്റെ ഗുണനിലവാരം വളരെ മോശമാണ്. വായുഗുണനിലവാര സൂചികയില്‍ പൂജ്യത്തിനും 50 ഇടയില്‍ രേഖപ്പെടുത്തുന്ന നിലവാരം ആണ് നല്ലതായി കാണുന്നത്.
വിളവെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ വൈക്കോലിന് കര്‍ഷകര്‍ തീയിടുകയാണ്. ഇതാണ് ഡല്‍ഹിയില്‍ വായുവിന്റെ നില മോശമാക്കുന്നത്. ഇതില്‍ പഞ്ചാബിലാണ് ഇതുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതല്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വൈക്കോല്‍ കത്തിയ്ക്കുന്ന 263 സംഭവങ്ങളാണ് പഞ്ചാബില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഹരിയാനയില്‍ 13 സംഭവങ്ങളും ഉത്തര്‍പ്രദേശില്‍ 84 സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.