സാന്ദ്ര തോമസിന്റെ പരാതി, നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ മൊഴിയെടുപ്പ് പൂർത്തിയായി
സാന്ദ്ര തോമസിന്റെ പരാതിയില്‍ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. ഒന്നര മണിക്കൂറോളം മൊഴിയെടുപ്പ് നീണ്ടു. മൊഴിയെടുപ്പ് നടപടി ക്രമങ്ങളുടെ ഭാഗമാണെന്നും യോഗത്തില്‍ നടന്ന കാര്യങ്ങളെക്കുറിച്ചാണ് ചോദിച്ചതെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പ്രതികരിച്ചു. സാന്ദ്രയുടെ ലൈംഗിക അധിക്ഷേപ പരാതിയില്‍ അടിസ്ഥാനമില്ലെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ ഐക്യകണ്‌ഠേന എടുത്ത തീരുമാനമാണ് സാന്ദ്ര തോമസിന്റെ പുറത്താക്കലെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.
പിന്തുണ ലഭിച്ചില്ല എന്നത് സാന്ദ്ര തോമസിന്റെ ആരോപണം മാത്രമാണ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉണ്ട്. സാന്ദ്ര വന്ന കമ്മറ്റിയില്‍ പങ്കെടുത്തു എന്നതിനാലാണ് പൊലീസ് വിളിപ്പിച്ചത്. ഒപ്പം കമ്മിറ്റിയില്‍ പങ്കെടുത്ത 21 പേരെയും പൊലീസ് വിളിപ്പിച്ചിട്ടുണ്ട് എന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു. വിജയിച്ച സിനിമ വരുമ്പോള്‍ നിര്‍മാതാവിന് സന്തോഷം ഉണ്ടാകും പക്ഷെ സാന്ദ്രയുടെ അടുപ്പിച്ചുള്ള സിനിമകള്‍ വേണ്ട രീതിയില്‍ ഓടിയിരുന്നില്ല. അഭിപ്രായം ഉള്ള സിനിമ മാത്രമേ തീയറ്ററുകള്‍ ഓടിക്കൂ. വേറൊരാള്‍ നിര്‍മ്മിക്കുന്ന സിനിമ ഡിസ്ട്രിബ്യൂട്ട് ചെയ്യുമ്പോള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് അതില്‍ പ്രസക്തിയില്ല. നടന്‍ ഷെയിന്‍ നിഗവുമായി സംഘടനക്ക് ഇപ്പോള്‍ പ്രശ്‌നങ്ങളില്ലെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.
‘മോഹന്‍ലാലും മമ്മൂട്ടിയുമാണ് പവര്‍ ഗ്രൂപ്പെന്ന് അറിയാത്തവര്‍ ആരാണ് എന്നാണ് അദ്ദേഹം ചോദിച്ചത്’: സാന്ദ്ര തോമസ്
കഴിഞ്ഞ ദിവസമാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസിനെ പുറത്താക്കിയത്. അച്ചടക്കം ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു നടപടി. മലയാള സിനിമയിലെ നിര്‍മാതാക്കളുടെ സംഘടനയ്‌ക്കെതിരെ എസ്‌ഐടിക്ക് സാന്ദ്ര പരാതി നല്‍കിയിരുന്നു. സാന്ദ്രയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനയില്‍ നിന്ന് അവരെ പുറത്താക്കിയത്.
സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്ന് തെളിഞ്ഞുവെന്നും, അതില്‍ സ്ത്രീകളില്ലെന്നുമാണ് നടപടിക്ക് പിന്നാലെ സാന്ദ്ര തോമസ് റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചത്. ഈ നടപടി ഒട്ടും പ്രതീക്ഷിച്ചില്ലെന്നും തന്റെ പരാതിക്ക് കാരണം ലൈംഗികച്ചുവയോടെ സംസാരിച്ചതാണെന്നും സാന്ദ്ര ആരോപിച്ചു. സിനിമയുടെ വിതരണവുമായി ബന്ധപ്പെട്ട യോഗത്തിലേക്ക് വിളിച്ചുവരുത്തി അപമാനിച്ചെന്നും ഭാരവാഹികള്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നുമായിരുന്നു സാന്ദ്രയുടെ പരാതി.