ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത് വാര്‍ത്തയില്‍ ഇടംപിടിച്ച സമീര്‍ വാങ്കഡെ ശിവസേനയിലേക്ക്
മുംബൈ: നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ മുന്‍ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ ശിവസേനയില്‍ ചേരുന്നു. ശിവസേന ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിനൊപ്പമാണ് സമീര്‍ വാങ്കഡെ ചേരാനൊരുങ്ങുന്നത്. മയക്കുമരുന്ന് കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച ആളാണ് സമീര്‍ വാങ്കഡെ.
2024ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ മുംബൈയിലെ ധാരാവി മണ്ഡലത്തില്‍ നിന്ന് സമീര്‍ വാങ്കഡെ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇത് സംബന്ധിച്ച് സമീര്‍ വാങ്കഡെ ഷിന്‍ഡേ വിഭാഗം നേതാക്കളുമായി ചര്‍ച്ച നടത്തിയതായാണ് വിവരം. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സീറ്റില്‍ മത്സരിക്കാന്‍ സമീര്‍ വാങ്കഡെ താത്പര്യം പ്രകടിപ്പിച്ചിരുന്നു. സ്വന്തം നാടായ മഹാരാഷ്ട്രയിലെ വാര്‍ധ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനായിരുന്നു വാങ്കഡെയുടെ നീക്കം. എന്നാല്‍ വാങ്കഡെയുടെ ആവശ്യം ബിജെപി നിരസിക്കുകയായിരുന്നു.
നാര്‍ക്കോട്ടിക് ബ്യൂറോ സോണല്‍ ഡയറക്ടറായിരിക്കെയാണ് സമീര്‍ വാങ്കഡെ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത് വാര്‍ത്തകളില്‍ നിറയുന്നത്. 2022ലായിരുന്നു സംഭവം. ആര്യന്‍ ഖാന്‍ മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന് ആരോപിച്ച് കോര്‍ഡിയ ക്രൂയിസ് എന്ന ആഡംബര കപ്പലില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. മാസങ്ങളോളം ജയിലില്‍ കഴിഞ്ഞ ആര്യനെ പിന്നീട് കോടതി കുറ്റവിമുക്തനാക്കിയിരുന്നു. കേസില്‍ നിന്ന് ആര്യനെ ഒഴിവാക്കാന്‍ കോടികള്‍ ആവശ്യപ്പെട്ടെന്ന ആരോപണത്തെത്തുടര്‍ന്ന് വാങ്കഡെയെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.