
സംഭൽ മസ്ജിദ് പരിസരം വൃത്തിയാക്കണം: അലഹബാദ് ഹൈക്കോടതി
പ്രയാഗ്രാജ്: സംഭൽ ജുമാമസ്ജിദ് പരിസരം വൃത്തിയാക്കാൻ നിർദേശിച്ച് അലഹബാദ് ഹൈക്കോടതി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ)യോടാണ് കോടതിയുടെ നിർദേശം. റമദാന് മുമ്പ് മസ്ജിദിൽ വെള്ള പെയിന്റടിക്കണമെന്നും പരിസരം വൃത്തിയാക്കണമെന്നും ബോധിപ്പിച്ച് മസ്ജിദ് കമ്മിറ്റി നൽകിയ ഹർജിയിലാണ് ഉത്തരവ്.
അതേസമയം മൂന്നംഗ എ.എസ്.ഐ ഉദ്യോഗസ്ഥർ മസ്ജിദ് പരിസരം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. മസ്ജിദിന്റെ ഉൾഭാഗം സെറാമിക് പെയിന്റാണെന്നും നിലവിൽ വെള്ള പെയിന്റടിക്കേണ്ടതില്ലെന്നുമായിരുന്നു റിപ്പോർട്ട്. മസ്ജിദിൽ വെള്ള പെയിന്റടിക്കുകയും വിളക്കുകളുടെ പ്രവൃത്തി നടത്തുകയും മാത്രമാണ് ആവശ്യമെന്ന് മസ്ജിദ് കമ്മിറ്റിക്കുവേണ്ടി ഹാജരായ എസ്.എഫ്.എ നഖ്വി പറഞ്ഞു. ഇതേതുടർന്നാണ് മസ്ജിദ് പരിസരം വൃത്തിയാക്കാൻ കോടതി നിർദേശിച്ചത്.