വ്യക്തിപരമായി താനും കനിയും തമ്മില്‍ യാതൊരു പ്രശ്നങ്ങളുമില്ല; ‘ബിരിയാണി’ സിനിമ വിവാദത്തില്‍ സജിന്‍ ബാബു

വ്യക്തിപരമായി താനും കനിയും തമ്മില്‍ യാതൊരു പ്രശ്നങ്ങളുമില്ല; ‘ബിരിയാണി’ സിനിമ വിവാദത്തില്‍ സജിന്‍ ബാബു

ബിരിയാണി’ എന്ന സിനിമയുടെ രാഷ്ട്രീയത്തോട് യോജിപ്പില്ലെന്നും എന്നാല്‍ സാമ്പത്തിക സുരക്ഷിതത്വത്തിനുവേണ്ടിയാണ് ചിത്രത്തില്‍ അഭിനയിച്ചതെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കനി കുസൃതി വെളിപ്പെടുത്തിയിരുന്നു. ഇതില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ബിരിയാണിയുടെ സംവിധായകന്‍ സജിന്‍ ബാബു.

അന്നത്തെ ബജറ്റിനനുസരിച്ചുള്ള പ്രതിഫലമാണ് അന്ന് കനി കുസൃതിക്കു നല്‍കിയിരുന്നതെന്നും പിന്നീട് സിനിമയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സഹകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിപരമായി താനും കനിയും തമ്മില്‍ യാതൊരു പ്രശ്നങ്ങളും ഇല്ലെന്നും കാന്‍ ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ സിനിമ നേടിയ നേട്ടത്തെ ഇകഴ്ത്തുന്നതിനാണ് ചിലര്‍ ബിരിയാണി സിനിമയെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നതെന്നും സജിന്‍ ബാബു വ്യക്തമാക്കി.

സജിന്‍ ബാബുവിന്റെ കുറിപ്പ്

കുറെ കാലം മുന്നേ ബിരിയാണി എന്ന സിനിമ ഞാന്‍ എഴുതി സംവിധാനം ചെയ്തതാണ്. അതിന്റെ രാഷ്ട്രീയവും, കാഴ്ചപ്പാടും എല്ലാം എന്റേതാണ്. അത് അത് ആദ്യമായി പ്രദര്‍ശിപ്പിച്ച ഇറ്റലിയിലെ ഫെസ്റ്റിവലില്‍ ബെസ്റ്റ് സിനിമക്കുള്ള അവാര്‍ഡ് ഉള്‍പ്പെടെ ദേശീയ അവാര്‍ഡും,സംസ്ഥാന പുരസ്‌ക്കാരവും നിരവധി അന്താരാഷ്ട പുരസ്‌ക്കാരങ്ങളും, അംഗീകാരങ്ങളും, അഭിനന്ദനങ്ങളും എല്ലാം കിട്ടിയിരുന്നു. സിനിമയുടെ രാഷ്ട്രീയം എന്തെന്ന് മനസ്സിലാകേണ്ടവര്‍ക്ക് മനസ്സിലാകുകയും, അല്ലാത്തവര്‍ എന്നോട് ചോദിക്കുമ്പോള്‍ എനിക്കുള്ള മറുപടിയും ഞാന്‍ അന്നേ കൊടുത്തിരുന്നു. ഇപ്പോഴും അതിന് വ്യക്തതമായതും ഞാന്‍ നേരിട്ടതും, ജീവിച്ചതും,അനുഭവിച്ചതും ആയ ജീവിതാനുഭവം കൊണ്ടുള്ള മുറുപടി എനിക്ക് ഉണ്ട് താനും. ഞാനും എന്റെ കുടെ വര്‍ക്ക് ചെയത സുഹൃത്തുക്കള്‍ അടങ്ങിയ ക്രൂവും, വളരെ ചെറിയ പൈസയില്‍ കഷ്ടപ്പെട്ട് ചെയ്ത സിനിമയാണത്.

ആ സിനിമയിലെ പ്രധാന കഥാപാത്രം ചെയ്ത കനി നമ്മുടെ അന്നത്തെ ബഡ്ജറ്റിനനുസരിച്ച് ഞങ്ങള്‍ക്ക് കൊടുക്കാന്‍ പറ്റുന്ന പ്രതിഫലം കൊടുക്കുകയും അത് സന്തോഷത്തോടെ അവര്‍ അത് വാങ്ങിയതുമാണ്. ആ ചിത്രത്തിന്റെ പിന്നീടുള്ള എല്ലാ കാര്യങ്ങളിലും അവര്‍ സഹകരിച്ചിട്ടുമുണ്ട്. ആ സിനിമ ചിത്രീകരണം നടക്കുമ്പോഴും, ഇപ്പോഴും വ്യക്തിപരമായി യാതൊരു വിധ പ്രശ്നങ്ങളും ഞാനും കനിയും തമ്മില്‍ ഇല്ല എന്ന് മാത്രമല്ല, എന്തെങ്കിലും ആവശ്യം വന്നാല്‍ വിളിക്കുന്നതിനോ സംസാരിക്കുന്നതിനോ ഒരു പ്രശ്നവും ഇല്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇതിനക്കാലൊക്കെ വലുത് ഒരു ഇന്ത്യന്‍ സിനിമ മുപ്പത് കൊല്ലത്തിന് ശേഷം മെയിന്‍ കോമ്പറ്റിഷനില്‍ മത്സരിച്ച് ആദ്യമായി ഗ്രാന്‍ഡ് പ്രീ അവാര്‍ഡ് നേടി എന്നതാണ്. ഇത്രയും കാലത്തിനിടക്ക് ബിരിയാണിയെ കുറിച്ച് അധികം ചര്‍ച്ച ചെയ്യാത്തവര്‍ കാനില്‍ ഒരു സിനിമ നേടിയ നേട്ടത്തിനെ ഇകഴ്ത്തി കാണിക്കാന്‍ വേണ്ടി ബിരിയാണിയുടെ രാഷ്ട്രീയം വലിച്ചിഴക്കുന്നതായാണ് എനിക്ക് തോന്നുന്നത്. ബിരിയാണിക്ക് മുമ്പും, ഞാന്‍ ചെയ്ത സിനിമളില്‍ രാഷ്ട്രീയം ഉണ്ട്. അതിന് ശേഷം ചെയ്ത ”തിയറ്റര്‍ ‘ എന്ന റിലീസ് ആകാന്‍ പോകുന്ന സിനിമയിലും വ്യക്തമായ രാഷ്ട്രീയം ഉണ്ട് എന്ന് പറഞ്ഞ്കൊണ്ട് നിര്‍ത്തുന്നു. ഇത് ഇന്ന് രാവിലെ മുതല്‍ എന്നെ വിളിക്കുന്നവരോടുള്ള മറുപടിയാണ്.

‘കേരള സ്റ്റോറി’ക്കുശേഷം സുദീപ് തോസെന്‍ സംവിധാനംചെയ്ത ചിത്രത്തിലേക്കുള്ള ക്ഷണം നിരസിച്ചിരുന്നു. അത് വേണ്ടെന്നുവെക്കാനുള്ള സാഹചര്യം ഉണ്ടായതുകൊണ്ടാണ് അങ്ങനെ ചെയ്തത്. ആ സാഹചര്യം ഇല്ലാതെയായാല്‍ നാളെയും അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ രാഷ്ട്രീയശരിയുടെ കാര്യത്തില്‍ ഒത്തുതീര്‍പ്പുകള്‍ ചെയ്‌തേക്കാമെന്നും കാന്‍ ഫെസ്റ്റിവലിലെ പുരസ്‌കാരനേട്ടത്തിനുശേഷം മടങ്ങിയെത്തിയ കനി പറഞ്ഞിരുന്നു.

മലയാളത്തില്‍നിന്ന് ഓഡിഷന് വിളിക്കണമെന്ന് ആഗ്രഹമുണ്ട്. പലപ്പോഴും ഹിന്ദിയില്‍നിന്നാണ് അവസരങ്ങളെത്താറുള്ളത്. ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ ചിന്തിക്കാനും കൂടുതല്‍ മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് വിശ്വാസം. കാനിലേക്ക് പോകാനൊരുങ്ങിയപ്പോള്‍ അമിതാഹ്ലാദം തോന്നിയില്ല. പക്ഷേ, പലസ്തീനുവേണ്ടി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണമെന്ന് തീരുമാനിച്ചിരുന്നു. വസ്ത്രത്തിലാണ് ആദ്യം ഉദ്ദേശിച്ചത്. ഡിസൈനറുമായി ചര്‍ച്ചചെയ്ത് ബാഗിന്റെ രൂപത്തിലാകാം എന്ന് തീരുമാനിക്കുകയായിരുന്നു. കാനില്‍ സ്ത്രീകള്‍ക്കുനേരേ തൊഴിലിടത്തിലുള്ള അതിക്രമങ്ങള്‍ക്കെതിരേയും വേതനവര്‍ധനയ്ക്കുവേണ്ടിയുമൊക്കെ പലതരത്തില്‍ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരുമൊക്കെ ശബ്ദമുയര്‍ത്തിയെന്നും കനി കൂട്ടിച്ചേര്‍ത്തു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )