ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി സാദിഖലി ശിഹാബ് തങ്ങൾ
മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി. റോമില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. പാണക്കാടിന്റെ പെരുമയില്‍ നമുക്ക് അഭിമാനിക്കാമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ലോക സര്‍വ്വമത സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് സാദിഖലി തങ്ങള്‍ വത്തിക്കാനിലെത്തിയത്.
ഫ്രാന്‍സിസ് മാര്‍പ്പാപ്പ പങ്കെടുക്കുന്ന സമ്മേളനത്തിലേക്ക് ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധി ആയിട്ടാണ് സാദിഖലി തങ്ങള്‍ ക്ഷണിക്കപ്പെട്ടത്. വത്തിക്കാനില്‍ ശിവഗിരിമഠം സംഘടിപ്പിച്ച സര്‍വമത സമ്മേളനത്തില്‍ മാര്‍പ്പാപ്പ ആശിര്‍വാദ പ്രഭാഷണം നടത്തിയിരുന്നു. ശ്രീനാരായണഗുരുവിന്റെ സന്ദേശത്തിന് ഏറെ പ്രസക്തിയുള്ള കാലമാണിതെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എല്ലാ വേര്‍തിരിവുകള്‍ക്കും അപ്പുറം ഒരു കുടുംബത്തിലെ അംഗങ്ങളാണ് മനുഷ്യര്‍ എന്ന സന്ദേശമാണ് ശ്രീനാരായണഗുരു നല്‍കിയതെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു.
ആലുവ അദ്വൈത ആശ്രമത്തിലെ സര്‍വ്വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് വത്തിക്കാനില്‍ ശിവഗിരിമഠം മതപാര്‍ലമെന്റും സര്‍വമത സമ്മേളനവും സംഘടിപ്പിച്ചത്. ശ്രീനാരായണഗുരുവിന്റെ ദൈവദശകം പ്രാര്‍ത്ഥനയുടെ ഇറ്റാലിയന്‍ മൊഴിമാറ്റം ആലപിച്ചായിരുന്നു സര്‍വമതസമ്മേളനത്തിന്റെ തുടക്കം. വിവിധ രാജ്യങ്ങളിലെ മതവിഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ സ്നേഹസംഗമത്തോടെ ഇന്നലെയാണ് സമ്മേളനത്തിന് തുടക്കമായത്.