
ഇന്ത്യയ്ക്ക് ആശ്വാസം; രോഹിത് പരിശീലനത്തിനിറങ്ങി, ന്യൂസിലാന്‍ഡിനെതിരെ കളിക്കും
ദുബായ്: ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെതിരെയുള്ള മത്സരത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് പരിശീലനത്തില്‍ നിന്നും വിട്ടുനിന്നിരുന്നു രോഹിത് ശര്‍മ പരിശീലനം പുനരാരംഭിച്ചു. ഇന്നലത്തെ പരിശീലന സെഷനില്‍ രണ്ട് മണിക്കൂറുകളോളം താരം പരിശീലനത്തിലേര്‍പ്പെട്ടു. ഞായറാഴിച്ച നടക്കുന്ന ന്യൂസിലാന്‍ഡിനെതിരായ അവസാന ഘട്ടത്തില്‍ താരം കളിച്ചേക്കും.
നേരത്തെ പരിക്കേറ്റ രോഹിത് കളിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ രോഹിത് പരിശീലനത്തിന് ഇറങ്ങാത്തതായിരുന്നു റിപ്പോര്‍ട്ടുകള്‍ക്ക് പിന്നില്‍. സെമി ഫൈനല്‍ സ്‌പോട്ട് ഉറപ്പിച്ച സ്ഥിതിക്ക് രോഹിതിന് വിശ്രമം നല്‍കാനും ഒരുക്കമായിരുന്നുവെങ്കിലും കളിക്കണമെന്ന താല്പര്യത്തിലായിരുന്നു താരം.
ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഇതിനോടകം സെമി ഫൈനല്‍ ഉറപ്പിച്ചുകഴിഞ്ഞു. ബംഗ്ലാദേശിനെതിരെയും പാകിസ്താനെതിരെയും ഇന്ത്യ വിജയം നേടി. എങ്കിലും അവസാന മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി ഗ്രൂപ്പ് ചാംപ്യന്മാരാകാനാവും ഇന്ത്യയുടെ ലക്ഷ്യം. ന്യൂസിലാന്‍ഡും സെമിയില്‍ കടന്നിട്ടുണ്ട്. പാകിസ്താനും ബംഗ്ലാദേശും ഗ്രൂപ്പില്‍ നിന്ന് പുറത്തായി.