
‘തോല്‍വിയില്‍ നിന്ന് പഠിച്ച് മുന്നോട്ടുപോകും’: റിഷഭ് പന്ത്
ലഖ്‌നൗ: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരായ തോല്‍വിയില്‍ പ്രതികരണവുമായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ റിഷഭ് പന്ത്. ‘ലഖ്‌നൗവിന് മികച്ച സ്‌കോര്‍ നേടാന്‍ കഴിഞ്ഞില്ല. 20-25 റണ്‍സിന്റെ കുറവാണ് ലഖ്‌നൗവിനുണ്ടായത്. തുടക്കത്തിലെ വിക്കറ്റുകള്‍ നഷ്ടമായാല്‍ വലിയ ടോട്ടലിലേക്ക് എത്താന്‍ സാധിക്കില്ല. എന്നാല്‍ ഓരോ മത്സരത്തിലും മുന്നോട്ടുപോകാന്‍ ലഖ്‌നൗ താരങ്ങള്‍ കഠിനമായി ശ്രമിക്കുന്നുണ്ട്. പിച്ച് സ്ലോ ആയിരിക്കുമെന്നാണ് കരുതിയത്. സ്പിന്നര്‍മാരെ പിച്ച് പിന്തുണയ്ക്കുമെന്നും കരുതി. തോല്‍വിയില്‍ നിന്ന് പഠിച്ച് മുന്നോട്ടുപോകും. മത്സരത്തില്‍ ഒരുപാട് പോസിറ്റീവായ കാര്യങ്ങളും സംഭവിച്ചിട്ടുണ്ട്.
റിഷഭ് പന്തും ടീം ഉടമ സഞ്ജീവ് ഗോയങ്കയും വീണ്ടും ട്രോളുകളില്‍ നിറയുന്നു. 27 കോടി രൂപ നല്‍കി സഞ്ജീവ് ഗോയങ്കയുടെ ലഖ്‌നൗ സ്വന്തമാക്കിയ റിഷഭ് പന്ത് മൂന്ന് മത്സരം പിന്നിട്ടപ്പോള്‍ നേടിയിരിക്കുന്നത് 17 റണ്‍സ് മാത്രമാണ്. രണ്ട് മത്സരങ്ങള്‍ പരാജയപ്പെടുകയും ചെയ്തു. ഇതോടെയാണ് ആരാധകര്‍ ഗോയങ്കയെയും റിഷഭിനെയും ട്രോളുകളില്‍ നിറച്ചത്. ഒരു ബോളിന് റിഷഭ് പന്തിന് നല്‍കുന്ന തുകയെക്കുറിച്ച് ഗോയങ്ക കണക്കുകൂട്ടുന്നുണ്ടാവുമെന്നാണ് ആരാധകരില്‍ ഒരാള്‍ പറയുന്നത്. റിഷഭ് പന്തിനെതിരെ വിമര്‍ശനം ഉന്നയിക്കാനുള്ള എല്ലാ അവകാശങ്ങളും സഞ്ജീവ് ഗോയങ്കയ്ക്കുണ്ടെന്നാണ് മറ്റൊരാള്‍ പറയുന്നത്.