വോട്ടെടുപ്പ് ദിനത്തിലെ സംഘര്‍ഷം; മണിപ്പൂരിലെ 11 ബൂത്തുകളില്‍ നാളെ റീപോളിങ്
ഇംഫാല്‍: മണിപ്പൂരില്‍ വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ സംഘര്‍ഷവും വെടിവെപ്പും നടന്ന 11 ബൂത്തുകളില്‍ റീപോളിങ് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. നാളെയാണ് റീപോളിങ്. ഇന്നര്‍ മണിപ്പൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ബൂത്തുകളാണിത്. രാവിലെ 7 മണി മുതല്‍ വൈകീട്ട് 5 മണി വരെയാണ് റീപോളിങ് നടക്കുക.
രാജ്യത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ വൊട്ടെടുപ്പ് നടന്ന 102 മണ്ഡലത്തില്‍ ഒന്നാണ് ഇന്നര്‍ മണിപ്പൂര്‍ മണ്ഡലം. മണിപ്പൂരിലെ പ്രത്യേക സാഹചര്യത്തില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരുന്നതെങ്കിലും സംഘര്‍ഷവും വെടിവെപ്പും ഒന്നും തടയാന്‍ സാധിച്ചില്ല. ചിലയിടങ്ങളില്‍ വോട്ടിങ് മെഷിനുകള്‍ നശിപ്പിക്കുന്ന സംഭവം വരെ ഉണ്ടായി.മൊയ് രാങ് കാപുവിലെ പോളിങ് ബൂത്തിലെത്തിയ ആക്രമികള്‍ വെടിവയ്ക്കുകയായിരുന്നു. വെടിവെപ്പില്‍ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ കണക്കനുസരിച്ച് ആദ്യഘട്ടത്തില്‍ 69.18 ശതമാനം പേരാണ് മണിപ്പൂരില്‍ വോട്ട്‌ചെയ്തത്. ഇന്നര്‍ മണിപ്പൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ട എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വൊട്ടെടുപ്പ് നടന്നു. 32 നിയമസഭാ മണ്ഡലങ്ങളാണ് ഇന്നര്‍ മണിപ്പൂര്‍ ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയില്‍ ഉള്ളത്. ഔട്ടര്‍ മണിപ്പൂര്‍ മണ്ഡലത്തിന്റെ പരിധിയിലുള്ള 15 നിയമസഭാ മണ്ഡലങ്ങളില്‍ മാത്രമാണ് അദ്യഘട്ടത്തില്‍ വോട്ടിങ് നടന്നത്. ബാക്കിയുള്ള 13 മണ്ഡലങ്ങളില്‍ രണ്ടാം ഘട്ടമായ 26 നാണ് വോട്ടെടുപ്പ്.