മുംബൈയിൽ അതിതീവ്ര മഴ; നഗരത്തിൽ ഇന്ന് റെഡ് അലേർട്ട്

മുംബൈയിൽ അതിതീവ്ര മഴ; നഗരത്തിൽ ഇന്ന് റെഡ് അലേർട്ട്

മുംബൈ: മുംബൈ നഗരത്തിലും പരിസര പ്രദേശങ്ങളിലും അതിതീവ്ര മഴ തുടരുന്നു. മഴ തുടരുന്ന സാഹചര്യത്തിൽ മുംബൈയിലും സമീപ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മഴ ശക്തിപ്പെട്ടതോടെ മുംബൈ, പൂനെ നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിലെ ഒറ്റപ്പെട്ട മേഖലകളില്‍ സെപ്റ്റംബർ 27 വരെ കനത്ത മഴ തുടരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്നലെ ഉച്ച മുതൽ പെയ്യുന്ന ശക്തമായ മഴയിൽ നഗരത്തിൻ്റെ പല പ്രദേശങ്ങളും വെള്ളക്കെട്ടിലായി. പലയിടത്തും 100 മില്ലി മീറ്ററിലധികം മഴയാണ് രേഖപ്പെടുത്തിയത്. നഗരത്തിൻ്റെ വിവിധ ഇടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ജനജീവിതം ദുസഹമായി. റോഡുകളിലും റെയിൽ പാളങ്ങളിലും വെള്ളം കയറിയതോടെ റോഡ്- റെയിൽ ​ഗതാഗതവും പ്രതിസന്ധിയിലായി. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവീസുകൾ തടസപ്പെട്ടു. മുംബൈയിലേക്കുള്ള 14 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.

ഇന്നും ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മുംബൈ, പാൽഘർ, നന്ദുർബാർ, ധൂലെ, ജൽഗാവ്, സോലാപൂർ, സതാര തുടങ്ങിയ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യപിച്ചിട്ടുണ്ട്. രാവിലെ 8:30 വരെയാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. അതിശക്തമായ മഴയെത്തുടർന്ന് ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനും എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )