‘കെകെ ശൈലജ ഒന്നാം പ്രതി; പിപിഇ കിറ്റ് അഴിമതിയിൽ കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല
പിപിഇ കിറ്റ് കൂടിയ വിലയ്ക്ക് വാങ്ങിയും കാലാവധി കഴിഞ്ഞ മരുന്നുകള്‍ ആശുപത്രികളില്‍ വിതരണം ചെയ്തും മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ വലിയ അഴിമതിയാണ് കൊവിഡ് കാലത്ത് നടത്തിയതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോഗ്യ മന്ത്രിയായിരുന്ന ശൈലജ ടീച്ചറാണ് ഇതില്‍ ഒന്നാം പ്രതി. കേസെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കൊവിഡ് കാലത്ത് ജനം അനുഭവിച്ച ദുരിതം വിറ്റ് കാശാക്കാന്‍ ശ്രമിച്ചതില്‍ വെറുതെയിരിക്കില്ല, പുര കത്തുമ്പോള്‍ വാഴ വെട്ടി. ധനകാര്യമന്ത്രിയും ആരോഗ്യമന്ത്രിയും ചേര്‍ന്ന കമ്മിറ്റിയാണ് കൂടിയ വിലക്ക് പിപിഇ കിറ്റ് വാങ്ങാന്‍ തീരുമാനിച്ചത്. ദുരന്തത്തെ പോലും അഴിമതിക്ക് വേണ്ടി ഉപയോഗിച്ച സര്‍ക്കാരാണിതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
അതേസമയം പാലക്കാട്ടെ ബ്രൂവറി വിവാദത്തില്‍ ഇന്ന് നിയമസഭയില്‍ ചട്ട പ്രകാരം അഴിമതി ആരോപിക്കാന്‍ രമേശ് ചെന്നിത്തല നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍കാരുടെയും ശമ്പള പരിഷ്‌കരണ കുടിശികയും ക്ഷാമബത്താ കുടിശികയും ലീവ് സറണ്ടറും അഞ്ച് വര്‍ഷത്തിലേറെയായി നല്‍കാത്തതും പുതിയ ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിക്കാത്തതും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിസി വിഷ്ണുനാഥ് എംഎല്‍എ അടിയന്തിര പ്രമേയ നോട്ടീസ് നല്‍കി.