‘ഇടയ്ക്കിടെ ഉള്ളിലെ സംഘി പുറത്തേക്ക് വരുന്നു’; മുഖ്യമന്ത്രിയെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരേയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. പാണക്കാട് തങ്ങള്‍ക്കെതിരെ പിണറായിയുടെ പരാമര്‍ശം പൊളിറ്റിക്കല്‍ അറ്റാക്ക് അല്ല, മറിച്ച് ഇടയ്ക്കിടെ ഉള്ളിലെ സംഘി പുറത്തേക്ക് വരുന്നതാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പിആര്‍ ഏജന്‍സികള്‍ ഒളിപ്പിച്ച് വെച്ചിരിക്കുന്ന പിണറായി വിജയനിലെ സംഘി ഇടക്ക് പുറത്തേക്ക് വരുകയാണെന്നും ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന് പറയേണ്ട രീതിയിലുള്ള പ്രതികരണമാണ് പിണറായി പറഞ്ഞതെന്നും രാഹുല്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് രാഹുലിന്റെ പ്രതികരണം.
സുരേന്ദ്രന് സംസാരിക്കാന്‍ പിണറായി അവസരം ഇല്ലാതാക്കിയെന്നും രാഹുല്‍ പരിഹസിച്ചു. സാദിഖലി തങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ ഒരു അനുയായിയുടെ മട്ടില്‍ പെരുമാറുന്നയാളാണെന്നായിരുന്നു പിണറായി പാലക്കാട് പറഞ്ഞത്.
സിപിഎം ആണ് പാലക്കാട്ട് കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളി. മികച്ച പോളിംഗ് ഉണ്ടാകും. പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടായാണ് പ്രചരണത്തിലുള്ളത്. ആധികാരികമായ ജയം കോണ്‍ഗ്രസിനായിരിക്കുമെന്നും രാഹുല്‍ പറയുന്നു. തനിക്കെതിരെയുള്ള കള്ളപ്പണം, ട്രോളി ബാഗ് ആരോപണമെല്ലാം തെരഞ്ഞെടുപ്പില്‍ പോസിറ്റീവ് ആയി ഗുണം ചെയ്യും. ട്രോളി ബാഗ് ആരോപണത്തില്‍ ഇത്രയും നാളായിട്ടും പൊലീസ് ഒരു എഫ്ഐആര്‍ എടുത്തിട്ടില്ല. ജനം ഇതെല്ലാം കാണുന്നുണ്ട്. അതെല്ലാം വോട്ടായി മാറുമെന്നും രാഹുല്‍ വ്യക്തമാക്കി.