‘ഷാഫി ഓടിനടന്നിട്ട് ഒരു കാര്യവുമില്ല, ആദ്യ കുത്ത് കിട്ടാൻ പോകുന്നത് രാഹുലിൽ നിന്ന്’; പത്മജ വേണുഗോപാൽ
പാലക്കാട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയും ഷാഫി പറമ്പില്‍ എംപിക്കെതിരെയും രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. ഷാഫി പറമ്പില്‍ രാഹുലിന് വേണ്ടി ഓടിനടന്നിട്ട് ഒരു കാര്യവുമില്ലെന്നും, ആദ്യം കുത്തുക രാഹുല്‍ തന്നെയായിരിക്കുമെന്നായിരുന്നു പത്മജയുടെ വിമര്‍ശനം.
തന്റെ അമ്മയെ അപമാനിച്ചതില്‍ രാഹുല്‍ ഇനിയും മാപ്പ് പറയാന്‍ തയ്യാറായിട്ടില്ലെന്നും പത്മജ പറഞ്ഞു. ഈ അഹങ്കാരിയായ ആളെയാണോ പാലക്കാട് എംഎല്‍എയായി വേണ്ടത്? തന്റെ അമ്മയ്ക്കെതിരെ പറഞ്ഞപ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ ഒന്നും പറഞ്ഞില്ല. പക്ഷെ രമേശ് ചെന്നിത്തല മാത്രം കോണ്‍ഗ്രസുകാരുടെ അമ്മയാണെന്ന് പറഞ്ഞു. തന്റെ അമ്മയ്ക്ക് പാര്‍ട്ടിയും ജാതിയും മതവും ഒന്നും ഉണ്ടായിരുന്നില്ലെന്നും ഷാഫി എത്ര ഓടിനടന്നാലും രാഹുല്‍ കുത്തുമെന്നും പത്മജ പറഞ്ഞു.
സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തെയും പത്മജ തള്ളിപ്പറഞ്ഞു. സന്ദീപ് വാര്യരെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവന്ന് ഷാഫി എന്ത് വൃത്തികേടാണ് ചെയ്തതെന്ന് പത്മജ ചോദിച്ചു. മുസ്ലിം ലീഗിനെയും നേതാക്കളെയുമടക്കം ചീത്ത വിളിച്ചയാളെയാണ് കോണ്‍ഗ്രസിലേക്ക് ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നത്. ഒരു ദിവസം കൊണ്ട് എല്ലാം മറക്കാന്‍ കഴിഞ്ഞോ എന്നും സന്ദീപ് വാര്യര്‍ക്ക് എസ്കോര്‍ട്ട് പോകാനാണോ എംഎല്‍എമാരും എംപിമാരും എന്നും പത്മജ ചോദിച്ചു.