രാഹുല്‍ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ച പരാതി; അന്വേഷണം ആരംഭിച്ച് സിബിഐ
ഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ച പരാതികളില്‍ അന്വേഷണം ആരംഭിച്ച് സിബിഐ. മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്‌മണ്യം സ്വാമി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. സമാനമായ വിഷയത്തില്‍ അഹലബാദ് ഹൈക്കോടതിക്കു മുന്നിലുള്ള പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഏജന്‍സി നടപടി ആരംഭിച്ചിരിക്കുന്നതെന്നാണു വിവരം. കര്‍ണാടകയില്‍നിന്നുള്ള ബിജെപി പ്രവര്‍ത്തകനായ വിഘ്നേഷ് ശിഷിര്‍ ആണ് രാഹുല്‍ ഗാന്ധിയുടെ വിദേശ പൗരത്വം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇദ്ദേഹം ഡല്‍ഹി ഹൈക്കോടതിയെയും സമീപിച്ചിരുന്നു. അലഹബാദ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ഇതേ വിഷയം മറ്റൊരു കോടതി കൂടി സമാന്തരമായി പരിഗണിക്കുന്നതു ശരിയല്ലെന്നാണ് ബിജെപി പ്രവര്‍ത്തകന്‍ സൂചിപ്പിച്ചത്.
ഇക്കാര്യം ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് തുഷാര്‍ റാവു എന്നിവരുടെ ബെഞ്ച് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഒരേ കേസില്‍ വിരുദ്ധമായ ഉത്തരവുകള്‍ വരാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നാണ് കോടതി അറിയിച്ചത്. ഒരേ വിഷയത്തില്‍ രണ്ട് സമാന്തരമായ ഹരജികള്‍ പാടില്ല. കേസുമായി ബന്ധപ്പെട്ട തുടര്‍നടപടികളെ കുറിച്ചുള്ള സത്യവാങ്മൂലം അലഹബാദ് കോടതിയില്‍ തന്നെ നല്‍കാമെന്നും ഡല്‍ഹി ഹൈക്കോടതി വിഘ്നേഷിനെ അറിയിച്ചിരിക്കുകയാണ്.
എന്നാല്‍, താന്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി അലഹബാദ് ഹൈക്കോടതിയുടെ മുന്നിലിരിക്കെ സമാനമായ വിഷയം ഡല്‍ഹി ഹൈക്കോടതിയും പരിഗണിക്കരുതെന്ന് ബിജെപി പ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ഒക്ടോബര്‍ 24നാണ് കേസ് അവസാനമായി അഹലബാദ് കോടതി പരിഗണിച്ചതെന്നും സിബിഐ വിഷയം അന്വേഷിക്കുന്ന വിവരം അന്ന് അറിയിച്ചതാണെന്നും ഇദ്ദേഹം കോടതിയോട് പറഞ്ഞു.
കേസ് നടപടികള്‍ വളരെ വേഗത്തിലാണ് മുന്നോട്ടുപോകുന്നതെന്നും വിഘ്നേഷ് പറഞ്ഞു. ഇക്കാര്യത്തില്‍ സിബിഐയ്ക്കു മുന്നില്‍ ഹാജരായിട്ടുണ്ട്. തന്റെ പക്കലുള്ള അതീവ രഹസ്യ തെളിവുകള്‍ കൈമാറുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങളാണ് ഇപ്പോള്‍ സിബിഐ അന്വേഷിക്കുന്നത്. രാജ്യത്തെ വേറെയും ഏജന്‍സികള്‍ ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്നും ഡല്‍ഹി ഹൈക്കോടതി രജിസ്ട്രാര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ വിഘ്നേഷ് അറിയിച്ചു.
എന്നാല്‍, സുബ്രഹ്‌മണ്യം സ്വാമി ബിജെപി പ്രവര്‍ത്തകന്റെ വാദം തള്ളി. വിഘ്നേഷിന്റെ ഹര്‍ജി രാഹുല്‍ ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ളതാണ്. രാഹുല്‍ ബ്രിട്ടീഷ് പൗരനാണെന്നു തെളിവുസഹിതം വ്യക്തമാക്കുക മാത്രമാണു തന്റെ ഹര്‍ജിയിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. അഭിഭാഷകയായ സത്യ സബ്ബര്‍വാള്‍ മുഖേനെയാണ് സുബ്രഹ്‌മണ്യം സ്വാമി നേരത്തെ കോടതിയെ സമീപിച്ചിരുന്നത്. യുകെ പൗരത്വമുള്ള കാര്യം രാഹുല്‍ തന്നെ ബ്രിട്ടീഷ് സര്‍ക്കാരിനോട് വെളിപ്പെടുത്തിയതായി ഹര്‍ജിയില്‍ വാദിക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതാവിന് ബ്രിട്ടീഷ് പാസ്പോര്‍ട്ടുണ്ടെന്നും ഹരജിയില്‍ വാദമുണ്ട്.അതേസമയം, ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം അലഹബാദ് കോടതിക്കു മുന്നിലുള്ള ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിരിക്കുകയാണ് സുബ്രഹ്‌മണ്യം സ്വാമി. ബിജെപി പ്രവര്‍ത്തകന്റെ ഹര്‍ജിയില്‍ നടപടി സ്വീകരിച്ചോ എന്ന് നേരത്തെ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് കേന്ദ്രത്തോട് ചോദിച്ചിരുന്നു. കേസ് വീണ്ടും പരിഗണിക്കാനായി ഡിസംബര്‍ ആറിലേക്ക് മാറ്റിയിരിക്കുകയാണ്.