
ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്തും… ഉദ്ഘാടകനായി രാഹുല്‍ ഈശ്വര്‍; മെന്‍സ് അസോസിയേഷന്‍
ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജി എ എം ബഷീറിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ (എകെഎംഎ). നാളെ (22/01/2025) രാവിലെ 11.30ന് സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന ആഹ്‌ളാദപ്രകടനം രാഹുല്‍ ഈശ്വറായിരിക്കും ഉദ്ഘാടനം ചെയ്യുക. പാലാഭിഷേകത്തെ കൂടാതെ പടക്കം പൊട്ടിച്ചും അസോസിയേഷന്‍ ആഘോഷം നടത്തും. അതേസമയം വിധിയെ എതിര്‍ത്ത ജസ്റ്റിസ് കെമാല്‍ പാഷക്കെതിരെയുള്ള പ്രതിഷേധവും സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയ്ക്ക് കോടതി വധശിക്ഷ വിധിച്ചത്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ഷാരോണ്‍ അര്‍പ്പിച്ച സ്‌നേഹത്തിലും വിശ്വാസത്തിലും വഞ്ചനകാട്ടി ഗ്രീഷ്മ നടത്തിയ കുറ്റകൃത്യം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് നിരീക്ഷിച്ചാണ് എം എം ബഷീറിന്റെ ശിക്ഷാവിധി. വിവിധ വകുപ്പുകളിലായി ഗ്രീഷ്മയ്ക്ക് മൂന്നരലക്ഷം രൂപ പിഴയും ചുമത്തി. തുക ഷാരോണിന്റെ മാതാപിതാക്കള്‍ക്ക് നല്‍കണം. മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മലകുമാരന്‍ നായര്‍ക്ക് തെളിവ്നശിപ്പിച്ച കുറ്റത്തിന് 3 വര്ഷം തടവും 50,000 രൂപ പിഴയും വിധിച്ചു.
എട്ടുമാസത്തിനിടെ നാലാമത്തെ കുറ്റവാളിക്കാണ് എഎം ബഷീര്‍ വധശിക്ഷ വിധിക്കുന്നത്.2024 മേയില്‍ സ്വര്‍ണാഭരണങ്ങള്‍ കവരാന്‍ ശാന്തകുമാരി എന്ന വയോധികയെ കൊലപ്പെടുത്തിയ റഫീക്ക ബീവിക്ക് എതിരായ കേസിലാണ് എഎം ബഷീര്‍ ഇതിനുമുമ്പ് വധശിക്ഷ വിധിച്ചത്. 2 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 10 പേര്‍ക്ക് ജീവപര്യന്തവും വിധിച്ചു. 2024 ജനുവരിയിലാണ് എംഎം ബഷീര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജിയായി നിയമിതനാകുന്നത്.