കണ്ണൂരിലെ എയ്ഡഡ് സ്കൂളിലെ റാഗിംഗ്; മൂന്ന് വിദ്യാർത്ഥികൾ അറസ്റ്റിൽ

കണ്ണൂരിലെ എയ്ഡഡ് സ്കൂളിലെ റാഗിംഗ്; മൂന്ന് വിദ്യാർത്ഥികൾ അറസ്റ്റിൽ

കണ്ണൂരിലെ ഒരു സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന റാഗിംഗ് സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. ഫെബ്രുവരി 12 നാണ് സംഭവം നടന്നത്. കൊളവല്ലൂര്‍ പിആര്‍ മെമ്മോറിയല്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മുഹമ്മദ് നിഹാലിനാണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് കൈ ഒടിഞ്ഞത്.

ഭാരത് ന്യായ് സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. മാരകായുധം ഉപയോഗിച്ച് ആക്രമണം നടത്തുക, മറ്റൊരാളെ അനാവശ്യമായി തടഞ്ഞുവയ്ക്കുക, പരിക്കേല്‍പ്പിക്കുക, നിയമവിരുദ്ധമായി സംഘം ചേരുക എന്നീ വകുപ്പുകള്‍ ഉള്‍പ്പെടെയാണ് കേസെടുത്തിട്ടുള്ളത്.

സീനിയര്‍ വിദ്യാര്‍ത്ഥികളോട് വേണ്ടത്ര ബഹുമാനം കാണിക്കുന്നില്ലെന്ന് ആരോപിച്ച് അഞ്ച് വിദ്യാര്‍ത്ഥികള്‍ നിഹാലിനെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഒരു കൂട്ടമായി നിഹാലിനെ ആക്രമിച്ച് മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നു.

ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി നിലവില്‍ ചികിത്സയിലാണെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ട അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെയും കൊളവല്ലൂര്‍ പോലീസ് കേസെടുത്തിരുന്നു. സ്‌കൂള്‍ അധികൃതരുടെ പരാതിയെത്തുടര്‍ന്ന്, കേരള റാഗിംഗ് നിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാര്‍ത്ഥികളില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് സ്‌കൂള്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )