ചോദ്യ പേപ്പര്‍ ചോര്‍ച്ച; എം ഷുഹൈബിനെ കണ്ടെത്താന്‍ അന്വേഷണ സംഘം
തിരുവനന്തപുരം: ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം ഊര്‍ജിതമാക്കി ക്രൈം ബ്രാഞ്ച്. ഒളിവില്‍ കഴിയുന്ന എം എസ് സൊലൂഷന്‍സ് സിഇഒ എം ഷുഹൈബിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ ഷുഹൈബിനായി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.
എം എസ് സൊല്യൂഷന്‍സിനെ കൂടാതെ മറ്റ് സ്വകാര്യ ട്യൂഷന് സ്ഥാപനങ്ങള്‍ക്കും ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പങ്കുണ്ടോയെന്ന് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 31നാണ് കോടതി പരിഗണിക്കുക. ഷുഹൈബിന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ തേടി ക്രൈംബ്രാഞ്ച്. വാട്സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൌണ്ടുകളുടെ വിവരങ്ങള്‍ തേടി മാതൃകമ്പനിയായ മെറ്റയെ അന്വേഷണ സംഘം സമീപിച്ചു. സോഷ്യല്‍മീഡിയാ അക്കൗണ്ടിനായി ഉപയോഗിച്ച ഡിവൈസിന്റെ ഐ പി അഡ്രസ് അറിയിക്കാനും നിര്‍ദേശം നല്കി.
ഷുഹൈബിനായി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ക്രൈംബ്രാഞ്ചിനു മുന്നില്‍ ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ശുഹൈബ് ഹാജരായിരുന്നില്ല. പിന്നാലെയാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയത്.