‘ഘടകകക്ഷിയായി ഉള്‍പ്പെടുത്തണം’; യുഡിഎഫിനൊപ്പം പ്രവർത്തിക്കാൻ താൽപര്യമെന്ന് പി വി അൻവർ
യുഡിഎഫിനൊപ്പം പ്രവർത്തിക്കാൻ താൽപര്യമെന്ന് കാണിച്ച് നേതൃത്വത്തിന് കത്തയച്ച് രാജി വച്ച നിലമ്പൂർ എംഎൽഎ പി വി അൻവർ. യുഡിഎഫില്‍ ഘടകകക്ഷിയായി ഉള്‍പ്പെടുത്തണമെന്ന ആവശ്യവും കത്തില്‍ ഉന്നയിച്ചിട്ടുണ്ട്. രാജി വെക്കേണ്ട സാഹചര്യമടക്കം വ്യക്തമാക്കിയാണ് യുഡിഎഫ് നേതൃത്വത്തിന് പി വി അൻവർ കത്തയച്ചിരിക്കുന്നത്.
യുഡിഎഫ് പ്രവേശനം സൂചിപ്പിച്ചുള്ള കത്താണ് പി വി അൻവർ അയച്ചത്. യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്പര്യമുണ്ടെന്നാണ് കത്തിലെ ഉളള്ളടക്കം. എല്‍ഡിഎഫുമായി വിട പറയേണ്ടി വന്ന സാഹചര്യം, എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടി വന്ന സാഹചര്യം, താന്‍ ഉയര്‍ത്തുന്ന രാഷ്ട്രീയം, തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോകാനിടയായ സാഹചര്യം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുന്ന ദീര്‍ഘമായ കത്താണ് അന്‍വര്‍ നേതൃത്വത്തിന് കൈമാറിയത്.
യുഡിഎഫ് കണ്‍വീനര്‍, ചെയര്മാന് എന്നിവര്‍ക്ക് പുറമേ എല്ലാ ഘടകകക്ഷി നേതാക്കള്‍ക്കും കോണ്‍ഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കള്‍ക്കും കത്ത് കൈമാറിയിട്ടുണ്ട്. ഇന്ന് രാഷ്ട്രീയ കാര്യ സമിതി യോഗം അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ ചര്‍ച്ച നടത്തുന്നതിന് മുന്നോടിയാണ് കത്ത് കൈമാറ്റം.