ഇന്ത്യയിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ എന്തിനാണ് പാകിസ്താനെ കുറിച്ച് സംസാരിക്കുന്നത്; പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: ഇന്ത്യയിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോഴും, രാജ്യത്തെ തൊഴില്ലായ്മ കഴിഞ്ഞ 45 വർഷത്തിനുള്ളിലെ മോശം അവസ്ഥയിലെത്തി നിൽക്കുമ്പോഴും അതൊന്നും സംസാരിക്കാതെ എന്തിനാണ് പാകിസ്താനിലെ കാര്യങ്ങൾ സംസാരിക്കുന്നതെന്ന് വിമർശിച്ച് പ്രിയങ്ക ഗാന്ധി. മണിശങ്കർ അയ്യരുടെ പാകിസ്ഥാൻ പ്രസ്താവന ബിജെപി വിവാദമാക്കിയതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രിയങ്കയുടെ മറുപടി. തിരഞ്ഞെടുപ്പ് വിജയിക്കാൻ മുസ്‌ലിം ഹിന്ദു വിഭജനമാണ് ബിജെപി നടത്തുന്നതെന്നും രാജ്യത്തെ ഭൂരിഭാഗ ജനങ്ങളും ജാതിക്കും മതത്തിനും അടിസ്ഥാനമായുള്ള വേർതിരിവിനെ പിന്തുണക്കുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു.
അനാവശ്യ വിവാദങ്ങൾക്കുണ്ടാക്കി രാജ്യത്തെ യഥാർത്ഥ പ്രശ്‍നങ്ങൾ ഒളിപ്പിച്ചു വെക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. മണിശങ്കർ അയ്യരുടെ പ്രസ്താവന കാലങ്ങൾക്ക് മുമ്പുള്ളതാണ്. വർഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചാണ് ബിജെപി ഇപ്പോൾ ഇത് ഉയർത്തി കൊണ്ട് വന്നത്. എന്നാൽ കഴിഞ്ഞ രണ്ട് തവണ വിലപോയ ബിജെപി അജണ്ട ഇക്കുറി വിലപ്പോവില്ല എന്നും അമേഠിയിൽ പാർട്ടി സ്ഥാനാർഥിയായ കിഷോരി ശർമ്മയുടെ പ്രചാരത്തിനിടെയുള്ള പ്രസംഗത്തിൽ പ്രിയങ്ക പറഞ്ഞു.
തോൽവി ഭയന്ന് ബിജെപി പഴയ തന്റെ വീഡിയോ കൊണ്ട് വന്ന് അനാവശ്യ വിവാദമുണ്ടാക്കുകയായിരുന്നുവെന്ന് മണി ശങ്കർ അയ്യർ പറഞ്ഞിരുന്നു. പരമാധികാര രാഷ്ട്രമായതിനാൽ ഇന്ത്യ പാകിസ്താനോട് ബഹുമാനം കാണിക്കണമെന്നും ആറ്റം ബോംബ് കൈവശമുള്ളതിനാൽ അവരുമായി ജാഗ്രതയിൽ ഇടപെടണമെന്നുമാണ് അയ്യർ വീഡിയോയിൽ പറയുന്നത്.