ഗാസയില്‍ വംശഹത്യ നടക്കുന്നു, നെതന്യാഹു സര്‍ക്കാര്‍ പ്രാകൃതം: വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അമേരിക്കന്‍ സഹായത്തോടെ ഗാസയില്‍ വിജയം നേടുമെന്ന് യുഎസ് കോണ്‍ഗ്രസില്‍ നെതന്യാഹു സംസാരിച്ചതിന് പിന്നാലെയാണ് പ്രിയങ്കയുടെ വിമര്‍ശനം. ഇസ്രയേലിന്റെ പ്രവര്‍ത്തികള്‍ അംഗീകരിക്കാനാകാത്തതാണെന്നും ഗാസയിലെ വംശഹത്യയെ തടയേണ്ടത് ഓരോ വ്യക്തിയുടെയും ഓരോ സര്‍ക്കാരിന്റെയും ധാര്‍മിക ഉത്തരവാദിത്തമാണെന്നും പ്രിയങ്ക പറഞ്ഞു. നെതന്യാഹുവും അദ്ദേഹത്തിന്റെ ഗവണ്‍മെന്റും പ്രാകൃതമാണ്. ഇതിന് മിക്ക പാശ്ചാത്യ രാജ്യവും പിന്തുണ നല്‍കുന്നതില്‍ ലജ്ജ തോന്നുന്നു എന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
എക്സ് പ്ലാറ്റ്ഫോമിലൂടെയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. ‘അനുദിനം നാമാവശേഷമായിക്കൊണ്ടിരിക്കുന്ന സാധാരണക്കാര്‍, അമ്മമാര്‍, അച്ഛന്‍മാര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സഹായ പ്രവര്‍ത്തകര്‍, പത്രപ്രവര്‍ത്തകര്‍, അധ്യാപകര്‍, എഴുത്തുകാര്‍, കവികള്‍, മുതിര്‍ന്ന പൗരന്മാര്‍, ആയിരക്കണക്കിന് നിരപരാധികളായ കുട്ടികള്‍ എന്നിവര്‍ക്കുവേണ്ടി ശബ്ദിച്ചാല്‍ മാത്രം പോരാ. ഗാസയില്‍ വംശഹത്യയാണ് നടക്കുന്നത്.
ഇസ്രായേല്‍ ഗവണ്‍മെന്റിന്റെ വംശഹത്യ നടപടികളെ അപലപിക്കുകയും അവരെ തടയാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുക എന്നത് ശരിയായ ചിന്താഗതിയുള്ള ഓരോ വ്യക്തിയുടെയും ധാര്‍മ്മിക ഉത്തരവാദിത്തമാണ്. വിദ്വേഷത്തിലും അക്രമത്തിലും വിശ്വസിക്കാത്ത എല്ലാ ഇസ്രായേലി പൗരന്മാരും, ലോകത്തിലെ എല്ലാ സര്‍ക്കാരുകളും അതിനെതിരെ ശബ്ദിക്കണം.
നാഗരികതയും ധാര്‍മ്മികതയും പിന്തുടരേണ്ട കാലത്ത് ഇസ്രയേലിന്റെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാവില്ല. യുഎസ് കോണ്‍ഗ്രസില്‍ ഇസ്രായേല്‍ പ്രധാനമന്ത്രിക്ക് കൈയടി കിട്ടിയത് പരിതാപകരമാണ്. ‘ക്രൂരതയും നാഗരികതയും തമ്മിലുള്ള ഏറ്റുമുട്ടല്‍’ എന്നാണ് നെതന്യാഹു പറഞ്ഞത്. അത് തികച്ചും ശരിയാണ്, അദ്ദേഹവും അദ്ദേഹത്തിന്റെ ഗവണ്‍മെന്റും പ്രാകൃതമാണ്, അവരുടെ പ്രാകൃതത്വത്തിന് പാശ്ചാത്യ ലോകത്തിന്റെ ഭൂരിഭാഗവും പിന്തുണ ലഭിക്കുന്നത് കാണുമ്പോള്‍ ലജ്ജ തോന്നുന്നു’, പ്രിയങ്ക എക്സില്‍ കുറിച്ചു.
നെതന്യാഹു യുഎസ് കോണ്‍ഗ്രസില്‍ സംസാരിക്കുന്നതിനിടെ പുറത്ത് വന്‍ പ്രതിഷേധം നടന്നിരുന്നു. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കുകയായിരുന്നു. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സംബന്ധിച്ച് നെതന്യാഹു പ്രസംഗത്തില്‍ പൂര്‍ണമൗനം പാലിച്ചു.