കാടുമൂടി കിടക്കുന്ന ഇൻഡോർ സ്റ്റേഡിയം തന്റെ പേരിന് കിട്ടാവുന്ന ഏറ്റവും വലിയ കളങ്കം: പി ആർ ശ്രീജേഷ്

കാടുമൂടി കിടക്കുന്ന ഇൻഡോർ സ്റ്റേഡിയം തന്റെ പേരിന് കിട്ടാവുന്ന ഏറ്റവും വലിയ കളങ്കം: പി ആർ ശ്രീജേഷ്

കൊച്ചി: കാടുമൂടി കിടക്കുന്ന ഇന്‍ഡോര്‍ സ്റ്റേഡിയം തന്റെ പേരിന് കിട്ടാവുന്ന ഏറ്റവും വലിയ കളങ്കമെന്ന് ഇന്ത്യന്‍ ഹോക്കിയുടെ അഭിമാനതാരം പി ആര്‍ ശ്രീജേഷ്. പാരിസ് ഒളിംപിക്‌സ് ഹോക്കിയിലെ മിന്നും പ്രകടനത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തിയ ശേഷം പ്രമുഖ മാധ്യമത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശ്രീജേഷിന്റെ പേരില്‍ അഭിമാനമായി നാട്ടില്‍ ഉയരേണ്ട കുന്നത്തുനാട് പഞ്ചായത്ത് സ്റ്റേഡിയമാണ് അധികൃതരുടെ അവഗണന കാരണം പണിതീരാതെ കാടുമൂടി കിടക്കുന്നത്.

‘സ്റ്റേഡിയം എന്നത് ഇപ്പോഴും ഒരു വിഷമമാണ്. നമ്മളെക്കൊണ്ട് നാടിന് എന്തെങ്കിലും വികസനം ഉണ്ടാകണമെന്നും അല്ലെങ്കില്‍ നമ്മളാല്‍ നാടിനെ ലോകമറിയണമെന്ന് മാത്രമാണ് എപ്പോഴും ആഗ്രഹിച്ചിട്ടുള്ളത്. സ്റ്റേഡിയത്തിന്റെ പണി തുടങ്ങിയപ്പോള്‍ ആദ്യം അഭിമാനമായിരുന്നു. പക്ഷേ ഇപ്പോള്‍ അത് കാടുമൂടി കിടക്കുകയാണ്. അത് എന്റെ പേരിന് ലഭിക്കാവുന്ന ഏറ്റവും വലിയ കളങ്കമാണ്’ ശ്രീജേഷ് പറയുന്നു.

രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയ ശ്രീജേഷിന് സ്വന്തം നാട്ടില്‍ അവ?ഗണനയാണ് നേരിടുന്നത്. ശ്രീജേഷിന്റെ പേരില്‍ സ്റ്റേഡിയം നിര്‍മ്മിക്കാന്‍ ഒമ്പത് വര്‍ഷം മുമ്പാണ് കുന്നത്തുനാട് പഞ്ചായത്ത് തീരുമാനിച്ചത്. പള്ളിക്കര മാര്‍ക്കറ്റിന് സമീപം നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചെങ്കിലും പ്രാരംഭ ഘട്ടത്തില്‍ തന്നെ വെല്ലുവിളികള്‍ ഉയരുകയായിരുന്നു.

തൂണുകള്‍ ഇപ്പോള്‍ തുരുമ്പെടുത്തിട്ടുണ്ട്. പഞ്ചായത്ത്, എംഎല്‍എ, ബിപിസിഎല്‍, കൊച്ചിന്‍ റിഫൈനറി തുടങ്ങിയവരുടെ സംയുക്ത ഫണ്ടില്‍ പണി തീര്‍ക്കാനായിരുന്നു പദ്ധതി. പിന്നീട് ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തെങ്കിലും മുന്നോട്ട് പോയില്ല. രണ്ടാം ഒളിംപിക്‌സിലും മെഡല്‍ നേടി ,നീണ്ട രണ്ട് പതിറ്റാണ്ടിന്റെ ഇതിഹാസ കരിയര്‍ കഴിഞ്ഞെത്തുന്ന ശ്രീജേഷിന് ആദരവായി ഈ സ്റ്റേഡിയം സംസ്ഥാന സര്‍ക്കാരോ കേന്ദ്രസര്‍ക്കാരോ ഏറ്റെടുത്ത് നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ഇപ്പോഴത്തെ ആവശ്യം.

അതേസമയം പി ആര്‍ ശ്രീജേഷിന് ഉജ്ജല വരവേല്‍പ്പാണ് ജന്മനാട് നല്‍കിയത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ സംസ്ഥാന സര്‍ക്കാരും സ്‌പോര്‍ട്‌സ് കൗണ്‍സിലും ചേര്‍ന്ന് സ്വീകരണ പരിപാടി ഒരുക്കി. ചരിത്രം കുറിച്ച് തിരിച്ചെത്തിയ പി ആര്‍ ശ്രീജേഷിനെ കാത്ത് നൂറുകണക്കിന് ആരാധകരാണ് കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. ജില്ലാ കളക്ടര്‍, എംഎല്‍എമാര്‍, മറ്റു ജനപ്രതിനിധികള്‍, കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കായികതാരങ്ങള്‍ ഉള്‍പ്പെടെ താരത്തെ വരവേല്‍ക്കാന്‍ നെടുമ്പാശ്ശേരിയില്‍ എത്തി. വഴി നീളെയുള്ള സ്വീകരണങ്ങള്‍ ഏറ്റു വാങ്ങിയാണ് ശ്രീജേഷ് ജന്മനാട്ടിലേക്ക് എത്തിയത്. ജന്മനാടിന്റെ സ്‌നേഹത്തിന് നന്ദി പറഞ്ഞ ശ്രീജേഷ് ആധുനിക ഇന്ത്യന്‍ ഹോക്കിയുടെ ദൈവമെന്ന് ഹോക്കി ഇന്ത്യ തന്നെ വിശേഷിപ്പിച്ചത് സ്വപ്നതുല്യമാണെന്നും പറഞ്ഞു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )