സമാധി ഗുദാഹവാ…മൂന്നു തലത്തില്‍ പോസ്റ്റ്‌മോര്‍ട്ടം; ബന്ധുക്കളെ പറഞ്ഞു മനസിലാക്കി മൃതദേഹം വിട്ടുനല്‍കുമെന്ന് കളക്ടര്‍

സമാധി ഗുദാഹവാ…മൂന്നു തലത്തില്‍ പോസ്റ്റ്‌മോര്‍ട്ടം; ബന്ധുക്കളെ പറഞ്ഞു മനസിലാക്കി മൃതദേഹം വിട്ടുനല്‍കുമെന്ന് കളക്ടര്‍

നെയ്യാറ്റിന്‍കര ഗോപന്റെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടു നല്‍കുമെന്ന് സബ് കലക്ടര്‍ ഒ വി ആല്‍ഫ്രഡ്. വീട്ടുകാരോട് സംസാരിച്ചിരുന്നുവെന്നും അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നടപടിക്രമങ്ങളില്‍ ബുദ്ധിമുട്ടില്ലായിരുന്നുവെന്നും പൊലീസ് എല്ലാ വിധ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാം നിയമപ്രകാരമാണ് ചെയ്തതെന്നും വ്യക്തമാക്കി.

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ വിവാദ കല്ലറ ഇന്ന് രാവിലെയാണ് പൊളിച്ചത്. മൃതദേഹം ഇരിക്കുന്ന നിലയിലാണ് കണ്ടെത്തിയത്. കല്ലറക്കുള്ളില്‍ ഭസ്മവും പൂജദ്രവ്യങ്ങളും കണ്ടെത്തി. മൃതദേഹം കാവി വസ്ത്രത്തില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. കഴുത്ത് വരെ ഭസ്മം നിറച്ച നിലയിലാണ്. മൃതദേഹത്തില്‍ മറ്റു പരിക്കുകള്‍ ഇല്ലെന്നും പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഉടന്‍ ആരംഭിക്കും. പോസ്റ്റ്മോര്‍ട്ടത്തില്‍ മൂന്നു തലത്തിലുള്ള പരിശോധനയാണ് നടത്തുകയെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
വിഷം ഉള്ളില്‍ ചെന്നിട്ടുണ്ടോ, പരുക്കേറ്റാണോ മരണം, സ്വഭാവിക മരണമാണോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുക. വിഷാശം കണ്ടത്താനായി ആന്തരിക അവയവങ്ങളുടെ സാമ്പിള്‍ ശേഖരിക്കും. ഈ പരിശോധനയുടെ ഫലം വരാന്‍ ഒരാഴ്ച എങ്കിലും എടുക്കും.

പരുക്കുകള്‍ ഉണ്ടോ എന്ന് കണ്ടെത്താന്‍ റേഡിയോളജി, എക്‌സറെ പരിശോധന നടത്തും. ഇതിന്റെ ഫലം ഇന്ന് തന്നെ ലഭിക്കും. സ്വാഭാവിക മരണമാണോ എന്ന് വിലയിരുത്താനാണ് മൂന്നാമത്തെ പരിശോധന. രോഗവസ്ഥ അടക്കം പല സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് ഇതില്‍ തീരുമാനം. മരിച്ചത് ഗോപന്‍ തന്നെ എന്ന് ഉറപ്പു ശാസ്ത്രീയമായി തെളിയിക്കാന്‍ ഡിഎന്‍എ പരിശോധനയും നടത്തും. കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. നെയ്യാറ്റിന്‍കര ഗോപന്റെ മരണസര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് ഹൈകോടതി ചോദിച്ചു. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കും എന്നും കോടതി വ്യക്തമാക്കി. കുടുംബത്തിന്റെ ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചു. ഹൈന്ദവ സംഘടനകളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്ന് ഗോപന്‍ സ്വാമിയുടെ മകന്‍ സനന്ദന്‍ പ്രതികരിച്ചു

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )