മുറിക്കകത്ത് പൊലീസിനെ പൂട്ടിയിടണമായിരുന്നു’; പാലക്കാട് പരിശോധനയിൽ കെ സുധാകരൻ

മുറിക്കകത്ത് പൊലീസിനെ പൂട്ടിയിടണമായിരുന്നു’; പാലക്കാട് പരിശോധനയിൽ കെ സുധാകരൻ

പാലക്കാട്: രാഷ്ട്രീയനേതാക്കള്‍ താമസിച്ചിരുന്ന മുറികളില്‍ അര്‍ധരാത്രിയുണ്ടായ പൊലീസ് പരിശോധനയില്‍ രൂക്ഷവിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ആണത്തമില്ലാത്ത തെമ്മാടിത്തരമാണ് പൊലീസ് നടത്തിയതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. പാലക്കാട്ടേയ്ക്ക് തിരിക്കുമെന്നും തുടര്‍ പ്രതിഷേധ പരിപാടികള്‍ നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.

മ്ലേച്ഛമായ സംഭവമാണെന്നും ഇങ്ങനെ പൊലീസുകാരെ അഴിച്ചുവിടുന്ന ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് നടന്നത് പൊലീസ് അതിക്രമം. പൊലീസിനെ കയരൂറി വിടുന്നു. പൊലീസ് ഉദ്യോഗസ്ഥരെ പാഠം പഠിപ്പിക്കുമെന്നും സുധാകരന്‍ പ്രതികരിച്ചു.

ആസൂത്രിതമായ സംഭവമായിരുന്നു ഇതെന്നും സുധാകരന്‍ ആരോപിച്ചു. വനിതാ പ്രവര്‍ത്തകരെ കരുതിക്കൂട്ടി അപമാനിക്കാന്‍ ശ്രമിച്ചു. എന്തടിസ്ഥാനത്തിലാണ് അവര്‍ കയറാനുള്ള ധൈര്യം കാണിച്ചത്? മുറിക്കകത്ത് പൊലീസുകാരെ പൂട്ടിയിടണമായിരുന്നുവെന്നും ഈ മ്ലേച്ഛമായ സംഭവത്തില്‍ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം തുടരുമെന്നും സുധാകരന്‍ പറഞ്ഞു. അന്തസും ആണത്തവുമില്ലാത്ത തെമ്മാടിത്തമാണ് പൊലീസ് കാണിച്ചതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

അനധികൃത ഇടപാടില്ലെങ്കില്‍ എന്തിനാണ് ഭയക്കുന്നതെന്ന ടിപി രാമകൃഷ്ണന്റെ ചോദ്യത്തിന് അധിക്ഷേപ രൂപത്തിലായിരുന്നു മറുപടി. നേതാക്കന്മാരായാല്‍ ബുദ്ധിയും വിവരവും ചിന്തിക്കാന്‍ കഴിവും വേണം. അതൊന്നുമില്ലാത്ത മരക്കണ്ടന്‍ പോലത്തെ രാമകൃഷ്ണന്‍ വായില്‍തോന്നിയത് സംസാരിക്കുന്നതല്ല രാഷ്രീയമെന്നും സുധാകരന്‍ മറുപടി നല്‍കി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )