ഒളിച്ചിരുന്നത് പൊന്തക്കാട്ടിൽ; കുറുവാസംഘത്തിലെ പ്രതിയെ പിടികൂടി പോലീസ്

ഒളിച്ചിരുന്നത് പൊന്തക്കാട്ടിൽ; കുറുവാസംഘത്തിലെ പ്രതിയെ പിടികൂടി പോലീസ്

കൊച്ചി: പോലീസ് സംഘത്തിനെ വെട്ടിച്ച് ചാടിപ്പോയ കുറുവാസംഘത്തിലെ അംഗം പിടിയില്‍. മണ്ണഞ്ചേരി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മോഷണക്കേസുമായി ബന്ധപ്പെട്ടാണ് മണ്ണഞ്ചേരി പോലീസ് കുണ്ടന്നൂരില്‍നിന്നു മൂന്നംഗ സംഘത്തെ ശനിയാഴ്ച വൈകീട്ട് പിടികൂടിയത്. ഇതിലൊരാളായ സന്തോഷ് ശെല്‍വമാണ്(38) പോലീസിനെ വെട്ടിച്ച് ചാടിപ്പോയത്. ഇയാളെ പിടികൂടാനായി പോലീസ് തിരച്ചില്‍ വ്യാപകമാക്കിയിരുന്നു. നാലു മണിക്കൂറിലേറെ നീണ്ടുനിന്ന തിരച്ചിലിനൊടുവില്‍ കുണ്ടന്നൂര്‍ പാലത്തിന് സമീപത്തെ പൊന്തക്കാട്ടില്‍ നിന്നാണ് രാത്രി 10.30-ഓടുകൂടി പ്രതിയെ പോലീസ് പിടികൂടിയത്.

ഇയാള്‍ കായലില്‍ ചാടിയിട്ടുണ്ടാകാമെന്ന സംശയത്തില്‍ അഗ്‌നിരക്ഷാസേനയുടെയും അവരുടെ സ്‌കൂബാ ടീമിന്റെയും നേതൃത്വത്തിലും തിരച്ചില്‍ നടത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് ഉന്നത പോലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. സംഘത്തിലുണ്ടായിരുന്ന സ്ത്രീകളടക്കം പോലീസിനെ തടഞ്ഞ് പ്രതിയെ രക്ഷപ്പെടുത്തുവാൻ ശ്രമിക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. പിടികൂടിയ ബാക്കി രണ്ടുപേരെയും മരട് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു.

മണ്ണഞ്ചേരിയില്‍ രണ്ടു വീടിന്റെ അടുക്കളവാതില്‍ തകര്‍ത്ത് അകത്തുകടന്ന സംഘം ഉറങ്ങുകയായിരുന്ന വീട്ടമ്മമാരുടെ താലിമാലകള്‍ കവര്‍ന്നു. ഒരാളുടെ മൂന്നരപ്പവന്‍ സ്വര്‍ണം നഷ്ടമായി. രണ്ടു വീടുകളില്‍ മോഷണശ്രമവും നടത്തി. ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അടുത്തടുത്ത പ്രദേശങ്ങളിലായിരുന്നു മോഷണം നടന്നത്. മോഷ്ടാക്കളുടെ നിരവധി സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. പിടിയിലായവരെ അര്‍ദ്ധരാത്രിയോടെ ആലപ്പുഴ പോലീസ് പരിശീലനകേന്ദ്രത്തില്‍ എത്തിച്ചു. നിലവില്‍ ആലപ്പുഴ ഡിവൈഎസ്പി എംആര്‍ മധുബാബുവിന്റെ നേതൃത്വത്തില്‍ ഏഴംഗ സംഘമാണ് സംഭവം അന്വേഷിക്കുന്നത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )