റഷ്യ-ഉക്രെയ്ൻ യുദ്ധത്തിനു പിന്നാലെ ഗസയിലും യുദ്ധം തടഞ്ഞെന്ന അവകാശ വാദവുമായി മോദി
ന്യൂഡൽഹി: ഗസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണവും ബോംബിങ്ങും റമദാനിൽ താൻ തടഞ്ഞുവെന്ന അവകാശവാദവുമായി നരേന്ദ്ര മോദി. മാറി മാറി നടത്തിയ അവകാശവാദങ്ങളിലൂടെ ട്രോളന്മാർക്ക് ചിരിപ്പിക്കാൻ ഒരുപാട് അവസരങ്ങൾ ഒരുക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും പുതിയ പൊട്ടിക്കലായാണ് ട്രോളൻമാർ ഇതിനെ ആഘോഷിക്കുന്നത്. റഷ്യ- ഉക്രെയ്ൻ യുദ്ധം മോദി തടഞ്ഞുവെന്ന അവകാശവാദം സംബന്ധിച്ച ‘പപ്പ നേ വാർ രുക് വ ദിയാ’ എന്ന പേരിൽ തീർത്ത ട്രോളുകളുടെ അലയൊലി സമൂഹ മാധ്യമങ്ങളിൽ തുടരുമ്പോഴാണ് രണ്ടാമത്തെ യുദ്ധവും നിർത്തിച്ചെന്ന അവകാശവാദം.
തൃണമൂൽ കോൺഗ്രസ് പശ്ചിമ ബംഗാളിൽ ‘വോട്ട് ജിഹാദ്’ നടത്തുന്നുവെന്ന് പ്രസംഗിച്ചതിന് ശേഷമാണ് അതിന് നേർവിപരീതമായി ‘ആജ് തക്’ ചാനലിലെ നാല് മുതിർന്ന മാധ്യമപ്രവർത്തകരുമായി നടത്തിയ സംഭാഷണത്തിൽ മുസ്ലിം വോട്ടുകൾ പിടിക്കാൻ ഗസ യുദ്ധം നിർത്തിച്ചെന്ന അവകാശവാദം മോദി നടത്തിയത്.
ഗസയിൽ റമദാൻ മാസമായിരുന്നുവെന്നും ആ സമയത്ത് ഞാൻ തൻ്റെ പ്രത്യേക ദൂതനെ ഇസ്രായേലിലേക്ക് അയച്ചുവെന്നും മോദി പറഞ്ഞു. റമദാനിലെങ്കിലും ഗസയിൽ ബോംബിങ്ങും മറ്റു ആക്രമണങ്ങളും നിർത്തിവയ്ക്കണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയെ കണ്ട് മനസിലാക്കിക്കൊടുക്കാനായിരുന്നു ദൂതനെ അയച്ചത്. ഇത് നടപ്പാക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി നന്നായി പരിശ്രമിച്ചെന്നും പിന്നീട് രണ്ടോ മൂന്നോ ദിവസമേ ആക്രമണമുണ്ടായുള്ളൂവെന്നും മോദി പറഞ്ഞു. എന്നാൽ മുസ്ലിംകളുടെ പേരിൽ തന്നെ വിമർശിക്കുകയാണ്. റമദാനിൽ ഗസയിൽ ആക്രമണം തടഞ്ഞിട്ടും അതിൻ്റെ പേരിൽ ‘പബ്ലിസിറ്റി’ ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്നും മോദി കൂട്ടിച്ചേർത്തു.