രണ്ടു മണിക്ക് ഹാജരാകണം; മതവിദ്വേഷ പരാമർശത്തിൽ പിസി ജോർജിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത

രണ്ടു മണിക്ക് ഹാജരാകണം; മതവിദ്വേഷ പരാമർശത്തിൽ പിസി ജോർജിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത

ചാനൽ ചർച്ചയ്ക്കിടയിലെ മത വിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി നേതാവും പൂഞ്ഞാര്‍ മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം. രണ്ടു മണിക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഈരാറ്റുപേട്ട പൊലീസ് ജോര്‍ജിന്റെ വീട്ടിലെത്തി നോട്ടീസ് നല്‍കി. പിസി ജോര്‍ജ് വീട്ടിലില്ലായിരുന്നുവെന്നും മകന്‍ ഷോണ്‍ ജോര്‍ജാണ് നോട്ടീസ് കൈപ്പറ്റിയതെന്നുമാണ് വിവരം. കേസിൽ ഹൈക്കോടതിയും ജോർജിന് മുൻ‌കൂർ ജാമ്യം നിഷേധിച്ചിരുന്നു.

ഈരാറ്റുപേട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി തള്ളിയത്. മുപ്പതുവര്‍ഷത്തോളം എംഎല്‍എ ആയിരുന്നിട്ടും എളുപ്പം പ്രകോപനത്തിന് വശംവദനാകുന്ന പിസി ജോര്‍ജിന് രാഷ്ട്രീയക്കാരനായി തുടരാന്‍ അര്‍ഹതയില്ലെന്ന് ഹൈക്കോടതി ജാമ്യം തള്ളിക്കൊണ്ട് നിരീക്ഷിച്ചിരുന്നു. സമുദായ സ്പര്‍ധയും വിദ്വേഷവും പടര്‍ത്തുന്ന പ്രസംഗം നടത്തിയെന്ന കേസില്‍ പിസി ജോര്‍ജിനെ മുമ്പും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മതവിദ്വേഷപരാമര്‍ശം ആവര്‍ത്തിക്കരുതെന്ന കര്‍ശന ഉപാധിയോടെയാണ് സമാനസ്വഭാവമുള്ള മുന്‍കേസുകളില്‍ ജാമ്യം അനുവദിച്ചതെന്നും അത് ലംഘിച്ചതടക്കം കണക്കിലെടുത്താണ് മുന്‍കൂര്‍ജാമ്യം നിഷേധിച്ചതെന്നും കോടതി വ്യക്തമാക്കി. പിസി ജോര്‍ജ് മുന്‍പ് നടത്തിയ പ്രകോപനപരമായ പരാമര്‍ശങ്ങളും ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടും ഹര്‍ജിക്കാരന് മുന്‍കൂര്‍ജാമ്യം അനുവദിച്ചാല്‍ സമൂഹത്തിന് തെറ്റായ സന്ദേശമാകുമെന്നും കോടതി പറയുകയുണ്ടായി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )