വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകാൻ പാലരുവി പിടിച്ചിട്ടു; എറണാകുളത്ത് യാത്രക്കാരുടെ പ്രതിഷേധം

വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകാൻ പാലരുവി പിടിച്ചിട്ടു; എറണാകുളത്ത് യാത്രക്കാരുടെ പ്രതിഷേധം

കൊച്ചി: വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകാൻ പാലരുവി എക്സ്‌പ്രസ് ട്രെയിൻ മുളന്തുരുത്തി റെയിൽവേ സ്റ്റേഷനിൽ പിടിച്ചിടുന്ന നടപടിക്കെതിരെ യാത്രക്കാരുടെ പ്രതിഷേധം. എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിലാണ് യാത്രക്കാർ പ്രതിഷേധവുമായി എത്തിയത്. സംഭവത്തിൽ സ്റ്റേഷൻ മാസ്റ്റർക്ക് യാത്രക്കാർ നിവേദനം നൽകി. രാവിലെ 8.25 എറണാകുളം ടൗണിലെത്തുന്ന വന്ദേഭാരതിന് കടന്നുപോകാനായാണ് പാലരുവി എക്സ്പ്രസ് മുളന്തുരുത്തിയിൽ പിടിച്ചിടുന്നത്. 7.52ന് മുളന്തുരുത്തിയിൽ നിന്ന് പുറപ്പെടേണ്ട പാലരുവി പലപ്പോഴും അരമണിക്കൂറോളം വന്ദേഭാരത് കടന്ന് പോകാനായി പിടിച്ചിടാറുണ്ട്. പിന്നാലെയാണ് യാത്രക്കാർ പ്രതിഷേധവുമായെത്തിയത്.

കോളജ് വിദ്യാർഥികളും ജോലിക്കാരും സ്ഥിരമായി ആശ്രയിക്കുന്ന ട്രെയിനാണ് പാലരുവി എക്സ്പ്രസ്. കഴിഞ്ഞ കുറേ മാസങ്ങളായി വിഷയത്തിൽ നടപടി വേണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്. കറുത്ത ബാഡ്ജ് ധരിച്ചെത്തിയാണ് എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ പ്രതിഷേധിച്ചത്. പാലരുവി എക്സ്പ്രസിനെ മുളന്തുരുത്തി സ്റ്റേഷനിൽ പിടിച്ചിടുന്നതിന് പകരം തൃപ്പൂണിത്തുറയിൽ പിടിച്ചിട്ടാൽ ജോലിക്കു പോകേണ്ടവർക്ക് ഉപകാരപ്പെടുമെന്നാണ് യാത്രക്കാർ പറയുന്നത്. കോട്ടയം വഴി എറണാകുളം ഭാഗത്തേയ്ക്കുള്ള യാത്രാക്ലശം രൂക്ഷമാകുകയാണെന്നും യാത്രക്കാർ പറയുന്നു.

പാലരുവിക്കും വേണാടിനുമിടയിൽ ഒന്നരമണിക്കൂർ ഇടവേളയുണ്ടെന്നും ഈ സമയം ഉപയോഗപ്പെടുത്തി ഒരു മെമുവോ പാസഞ്ചറോ അനുവദിക്കുകയാണെങ്കിൽ യാത്രാ ക്ലേശത്തിന് പരിഹാരമാകുമെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. യാത്രക്കാരുടെ എണ്ണം കൂടിയതോടെ പാലരുവിയിലെ യാത്ര പലപ്പോഴും ദുഷ്കരമാകുയാണെന്നും ട്രെയിനിൽ കൂടുതൽ കോച്ചുകൾ അനുവദിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്. പുനലൂർ – ചെങ്കോട്ട പാതയിൽ 18 കോച്ചുകൾക്ക് അനുമതി ലഭിച്ചെങ്കിലും പാലരുവി എക്സ്പ്രസിലെ യാത്രാക്ലേശം പരിഹരിക്കാൻ റെയിൽവേ താൽപര്യം കാണിക്കാത്തത് ഖേദകരമാണെന്നും ഫ്രണ്ട്സ് ഓൺ റെയിൽസ് സെക്രട്ടറി ലിയോൺസ് ആരോപിച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )