മിഷേല്‍ ഷാജിയുടെ ദുരൂഹ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭ രംഗത്ത്

മിഷേല്‍ ഷാജിയുടെ ദുരൂഹ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭ രംഗത്ത്

കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സി എ വിദ്യാർത്ഥിനി പിറവം എണ്ണക്കാപ്പിള്ളിൽ മിഷേൽ ഷാജിയുടെ ദുരൂഹ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഓർത്തഡോക്സ് സഭ രംഗത്ത്. നിയമപരമായ നടപടികൾ സ്വീകരിക്കും. മിഷേലിൻ്റെ മൃതദേഹം കണ്ടെത്തിയ മാർച്ച് 6 ന് 8 വർഷം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് മിഷേലിൻ്റെ കുടുംബത്തോടൊപ്പം നിയമപരമായി പോരാടാൻ ഓർത്തോഡോക്സ് സഭയും രംഗത്ത് വന്നിരിക്കുന്നത്. മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇത് സംബന്ധിച്ച് പരാതി നൽകും.

പ്രത്യക്ഷ സമരപരിപാടികളും സഭയുടെ നേതൃത്വത്തിൽ ആലോചിക്കുന്നുണ്ട്. മിഷേലിൻ്റെ ഇടവക പള്ളിയായ മുളക്കുളം കാർമേൽക്കുന്ന് സെന്റ് ജോർജ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ വികാരി ഫാ. മഹേഷ് തങ്കച്ചൻ്റെ നേതൃത്വത്തിൽ ആലോചന യോഗം ചേർന്നു. മുൻ വികാരിമാരായ ഫാ. കുര്യൻ തളിയച്ചിറ,ഫാ. റോബിൻ മർക്കോസ്, കണ്ടനാട് വെസ്റ്റ് ഭദ്രാസന വൈദിക സെക്രട്ടറി ഫാ. ജസ്റ്റിൻ പി. തോമസ്, ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി ഫാ. വിജു ഏലിയാസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

കൊച്ചിയിൽ സി എ വിദ്യാർത്ഥിനി ആയിരുന്ന മിഷേൽ ഷാജിയുടെ മൃതദേഹം 2017 മാർച്ച്‌ 6 ന് കൊച്ചി കായലിൽ കണ്ടെത്തുക ആയിരുന്നു. മിഷേൽ മരിച്ചിട്ട് 8 വർഷം തികയുമ്പോഴും മരണത്തിന്റെ യഥാർത്ഥ വസ്തുത വെളിച്ചത്ത് കൊണ്ടുവരുവാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഏതാനും അനുമാനങ്ങളുടെ മാത്രം പിൻബലത്തിൽ ആത്മഹത്യ ആയി ചിത്രീകരിക്കുവാനുള്ള നീക്കം നടക്കുന്നതായി യോഗം ആശങ്കപ്പെട്ടു. കേസിന് തുടക്കത്തിൽ തന്നെ വ്യക്തമായും കൃത്യമായും അന്വേഷണം നടത്തുവാൻ പോലീസ് പരാജയപ്പെട്ടതായി യോഗം കുറ്റപ്പെടുത്തി.നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണവും ഇതേ രീതിയിലാണ് തുടരുന്നത്.പ്രബലരുടെ ബാഹ്യ ഇടപെടലുകൾ അന്വേഷണത്തെ മന്ദീഭവിപ്പിക്കുന്നതായി വൈദികർ പറഞ്ഞു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus ( )