
‘ കാര്യങ്ങള്‍ മറച്ചുവെക്കാന്‍ ശ്രമിക്കുന്നു, മരിച്ച വിദ്യാര്‍ത്ഥിയോട് കാണിക്കേണ്ട മാന്യത കാണിച്ചില്ല’; ഗ്ലോബല്‍ സ്‌കൂളിന്റെ ആരോപണം തള്ളി കുടുംബം
എറണാകുളം തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്‌കൂളിൽ റാഗിങ്ങിന് ഇരയായി ആത്മഹത്യാ ചെയ്ത ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിറിനെതിരെ ഗ്ലോബല്‍ സ്‌കൂളിന്റെ ആരോപണങ്ങള്‍ തള്ളി കുടുംബം. കാര്യങ്ങള്‍ മറച്ചുവെക്കാന്‍ ഗ്ലോബല്‍ സ്‌കൂള്‍ ശ്രമിച്ചതായി കുടുംബം ആരോപിച്ചു. മരിച്ച വിദ്യാര്‍ത്ഥിയോട് കാണിക്കേണ്ട മാന്യത ഗ്ലോബല്‍ സ്‌കൂള്‍ പത്രക്കുറിപ്പില്‍ കാണിച്ചില്ലെന്നും കുടുംബം പറഞ്ഞു.
മിഹിര്‍ മുമ്പ് പഠിച്ച ജെംസ് സ്‌കൂളില്‍ നിന്ന് ടി സി നല്‍കി പറഞ്ഞുവിട്ടെന്ന ആരോപണം തെറ്റാണെന്നും കുടുംബം ആരോപിച്ചു. ജെംസ് സ്‌കൂളില്‍ നിന്ന് ടി സി ചോദിച്ച് വാങ്ങിയതാണെന്നും കുടുംബം പറയുന്നു. ആരോപണങ്ങളക്ക് പിന്നാലെയാണ് മിഹിറിനെതിരെ ആരോപണങ്ങളുമായി ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതർ വാർത്ത കുറിപ്പ് ഇറക്കിയത്. മിഹിർ സ്ഥിരം പ്രശ്നക്കാരനാണെന്നാണ് വാർത്താകുറിപ്പിൽ പറയുന്നത്. റാഗിങ്ങുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ വിദ്യാർത്ഥികൾക്കെതിരെ തെളിവില്ലെന്നും റിപ്പോർട്ടിലുണ്ട്.
മിഹിറിന് മുൻപ് പഠിച്ച സ്കൂളിൽ പെൺകുട്ടിയെ ഉപദ്രവിച്ചതിന് ടി സി നൽകിയിരുന്നുവെന്നാണ് ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതരുടെ വാർത്തക്കുറിപ്പിൽ പറഞ്ഞത്. കൂട്ടുകാരുമായി ചേർന്ന് ഒരാളെ മർദ്ദിക്കുകയും ചെയ്തുവെന്നും സ്കൂൾ അധികൃതർ പറയുന്നു. കുട്ടിയുടെ മാതാപിതാക്കൾ ഉന്നയിച്ച പരാതിയിൽ തെളിവുകൾ ഇല്ല. ആരോപണ വിധേയരിയ കുട്ടികൾക്കെതിരെ നടപടി സ്വീകരിക്കാൻ തെളിവില്ലെന്നും ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതർ വിശദീകരിക്കുന്നു.
അതേസമയം മിഹിര്‍ അഹമ്മദിന്റെ മരണത്തില്‍ കഴിഞ്ഞ ദിവസം ആത്മഹത്യ പ്രേരണ കുറ്റം കൂടി ചുമത്തിയിട്ടുണ്ട്. നിലവില്‍ പ്രതിപ്പട്ടികയില്‍ ആരെയും ഉള്‍പ്പെടുത്തിയില്ല. അസ്വാഭാവിക മരണത്തിന് മാത്രമായിരുന്നു ആദ്യം കേസ് എടുത്തിരുന്നത്. മിഹിറിന്റെ മരണത്തില്‍ മാതാപിതാക്കളുടെയും സ്‌കൂള്‍ മാനേജ്മെന്റിലെ രണ്ടുപേരുടെയും മൊഴിയെടുത്തിരുന്നു.