നടൻ ദർശൻ പ്രതിയായ കൊലക്കേസ്; പവിത്ര ദർശന്റെ ഭാര്യ അല്ലെന്ന് പ്രതിയുടെ അഭിഭാഷകൻ

നടൻ ദർശൻ പ്രതിയായ കൊലക്കേസ്; പവിത്ര ദർശന്റെ ഭാര്യ അല്ലെന്ന് പ്രതിയുടെ അഭിഭാഷകൻ

ബെംഗളൂരു: കൊലപാതക കേസിൽ അറസ്റ്റിലായ കന്നട നടി പവിത്ര ഗൗഡ നടനായ ദർശന്റെ ഭാര്യ അല്ലെന്നും അങ്ങനെയുള്ള തെറ്റിദ്ധാരണകൾ പരത്തുന്നത് ദർശന്റെ ഭാര്യയായ വിജയലക്ഷ്മിയെ വേദനിപ്പിക്കുന്നുവെന്നും പ്രതിയുടെ അഭിഭാഷകനായ അനിൽ ബാബു. പവിത്ര ഗൗഡയ്ക്ക് വാട്സാപ്പിൽ അശ്ലീല സന്ദേശം അയച്ചതിനെതുടർന്ന് ചിത്രദുർഗ സ്വദേശി രേണുകസ്വാമിയെ (33) കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് പവിത്രയും ദർശനും. അന്നപൂർണേശ്വരി നഗർ പൊലീസ് സ്റ്റേഷനിൽ എത്തി ദർശനെ കണ്ടു പുറത്തിറങ്ങുമ്പോഴാണ് അനിൽ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.

പ്രതികളായ ദർശനും നടി പവിത്ര ഗൗഡയും ഉൾപ്പെടെ 13 പേർ അറസ്റ്റിലായിട്ടുണ്ട്. അതിനിടെ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് തിരുത്താൻ കന്നഡ നടൻ ദർശൻ ഒരു കോടി രൂപ ആശുപത്രി അധികൃതർക്കു വാഗ്ദാനം ചെയ്തതായി പൊലീസ് അറിയിച്ചു. ബെംഗളൂരു മജിസ്ട്രേട്ട് കോടതി കസ്റ്റഡി 20 വരെ നീട്ടി. ആഴത്തിലുള്ള 15 പരുക്കുകളാണു മരണകാരണമായതെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു.

‘‘‌ പവിത്ര ദർശന്റെ ഭാര്യയാണെന്ന തരത്തിലുള്ള ചില മാധ്യമ വാർത്തകൾ കണ്ട് ദർശന്റെ ഭാര്യ വിജയലക്ഷ്മി വളരെ ദുഃഖിതയാണ്. അവർക്ക് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ്. ദർശൻ നിയമപരമായി വിവാഹം കഴിച്ചത് തന്നെയാണെന്നും താനല്ലാതെ മറ്റു ഭാര്യമാരൊന്നും ദർശനില്ലെന്നും വിജയലക്ഷ്മിക്ക് മാധ്യമങ്ങളെ നേരിൽ കണ്ട് പറയണമെന്നുണ്ട്. ദർശനും വിജയലക്ഷ്മിക്കും ഒരു മകനുണ്ട്. പവിത്ര ദർശന്റെ സഹപ്രവർത്തകയും സുഹൃത്തും മാത്രമാണ്. അവർ തമ്മിൽ മറ്റു ബന്ധങ്ങളൊന്നുമില്ല’’– അനിൽ പറഞ്ഞു.

പൊലീസും മറ്റ് അധികൃതരും പവിത്രയെ ദർശന്റെ ഭാര്യയെന്ന നിലയിലാണ് അഭിസംബോധന ചെയ്തതെന്ന് പറഞ്ഞപ്പോൾ അത് അവർക്ക് തെറ്റുപറ്റിയതാകുമെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. 2017ൽ ദർശനൊപ്പമുള്ള വിഡിയോ പവിത്ര ഫെയ്‌സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പങ്കുവച്ചിരുന്നു. ദർശനൊപ്പമുള്ള ജീവിതം 10 വർഷം പൂർത്തിയായെന്നും ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നും വിഡിയോയുടെ അടിക്കുറിപ്പായി പവിത്ര കുറിക്കുകയും ചെയ്തു. തുടർന്ന് പവിത്രയും വിജയലക്ഷ്മിയും തമ്മിൽ സമൂഹമാധ്യമത്തിൽ വാക്പോര് ഉണ്ടാകുകയും പവിത്ര തന്റെ കുടുംബം തകർക്കുകയാണെന്ന് വിജയലക്ഷ്മി ആരോപിക്കുകയും ചെയ്തിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (2 )