
മൂടൽ മഞ്ഞിൽ മുങ്ങി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ
ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അനുഭവപ്പെടുന്നത്. മൂടൽ മഞ്ഞിന്റെ പശ്ചാത്തലത്തിൽ 15 ട്രെയിനുകളാണ് വൈകിയോടിയത്. പഥാൽക്കോട്ട് എക്സ്പ്രസ് (14623) ഏഴു മണിക്കൂറും ഉഞ്ചഹാർ എക്സ്പ്രസ് (14217) മൂന്ന് മണിക്കൂറും വൈകിയോടി. കൂടാതെ ഖൈഫിയത് എക്സ്പ്രസ് (12225), മഹാബോധി എക്സ്പ്രസ് (12397) തുടങ്ങിയ ട്രെയിനുകൾ രണ്ട് മണിക്കൂറിലധികമാണ് വൈകിയത്.
സമ്പർക്ക് ക്രാന്തി എക്സ്പ്രസ് (12393), ശ്രംജീവി എക്സ്പ്രസ് (12391), പത്മാവത് എക്സ്പ്രസ് (14207) എന്നീ ട്രെയിനുകൾ ഒരു മണിക്കൂറിലധികവും വൈകിയോടി. മൂടൽമഞ്ഞ് രൂപപ്പെട്ടതിനെ തുടർന്ന് ദൃശ്യപരത കുറഞ്ഞിരുന്നു. പ്രതികൂല സാഹചര്യത്തിൽ സുരക്ഷാ പ്രോട്ടോക്കോളുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പുറപ്പെടുന്നതിന് മുൻപ് യാത്രക്കാർ അവരുടെ ട്രെയിൻ സമയം ഉറപ്പാക്കണമെന്നും റെയിൽവേ അതോറിറ്റികൾ അറിയിച്ചു.
അതേസമയം, ഇന്ന് ഡൽഹിയിൽ കുറഞ്ഞ താപനില 7.8 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാവിലെ മൂടൽമഞ്ഞ് ഉണ്ടായിരുന്നതിനാൽ ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിരവധി വിമാനങ്ങളും വൈകിയിരുന്നു. നാളെ മുതൽ അടുത്ത 5 ദിവസത്തേക്ക് ഡൽഹിയിൽ മൂടൽമഞ്ഞുണ്ടാകുമെന്നും താപനില 7മുതൽ 11 ഡിഗ്രി സെൽഷ്യസ് വരെയെത്തുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.