ഐപിഎല്‍ ലേലത്തില്‍ ആരും വാങ്ങിയില്ല; ഞെട്ടിക്കുന്ന വിരമിക്കല്‍ പ്രഖ്യാപനവുമായി ഇന്ത്യന്‍ പേസര്‍
ഇന്ത്യന്‍ പേസര്‍ സിദ്ധാര്‍ത്ഥ് കൗള്‍ 34-ാം വയസ്സില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഐപിഎല്‍ 2025 മെഗാ ലേലത്തിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം വരുന്നതെന്നാണ് ശ്രദ്ധേയം. ലേലത്തില്‍ 40 ലക്ഷം രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന താരത്തെ ആരും വാങ്ങിയിരുന്നില്ല.
‘ചെറുപ്പത്തില്‍ ഞാന്‍ പഞ്ചാബിലെ മൈതാനങ്ങളില്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍, എനിക്ക് ഒരു സ്വപ്നം ഉണ്ടായിരുന്നു. എന്റെ രാജ്യത്തെ പ്രതിനിധീകരിക്കുക എന്ന സ്വപ്നം. 2018 ല്‍ ദൈവത്തിന്റെ കൃപയാല്‍, എനിക്ക് എന്റെ ഇന്ത്യന്‍ ടി20 ടീമിലെ ക്യാപ്പ് നമ്പര്‍ 75 ലഭിച്ചു, ഏകദിന ടീമിലെ ക്യാപ് നമ്പര്‍ 221ഉം. ഇന്ത്യന്‍ ക്രിക്കറ്റില്‍ എന്റെ വിരമിക്കല്‍ പ്രഖ്യാപിക്കേണ്ട സമയമാണിത്- വിരമിക്കല്‍ പ്രഖ്യാപിച്ച് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
2018-19 കാലയളവില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ മൂന്നുവീതം ഏകദിനങ്ങളും ടി-20കളും കളിച്ചിട്ടുള്ള താരമാണ് സിദ്ധാര്‍ത്ഥ് കൗള്‍. 2008ല്‍ വിരാട് കോഹ്ലിക്ക് കീഴില്‍ അണ്ടര്‍ -19 ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, ആര്‍സിബി, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്.
വലംകൈയ്യന്‍ പേസര്‍ രണ്ട് പതിറ്റാണ്ടോളം ആഭ്യന്തര സര്‍ക്യൂട്ടില്‍ കളിച്ചു. 2007ല്‍ മൊഹാലിയില്‍ ഒഡീഷയ്ക്കെതിരെ പഞ്ചാബിനായി ഫസ്റ്റ് ക്ലാസ് മത്സരത്തോടെയാണ് അദ്ദേഹത്തിന്റെ കരിയര്‍ ആരംഭിച്ചത്. അണ്ടര്‍ 19 ലോകകപ്പിന് ശേഷം ദേശീയ ടീമിലേക്ക് കടക്കാന്‍ സിദ്ധാര്‍ത്ഥ് കൗള്‍ പാടുപെട്ടെങ്കിലും പഞ്ചാബ് ടീമിലെ സ്ഥിരാംഗമാകാന്‍ അദ്ദേഹത്തിന് അധികം സമയമെടുത്തില്ല. 2009-ല്‍ ആഭ്യന്തര ടീമിനായി ലിസ്റ്റ് എയില്‍ അരങ്ങേറ്റം കുറിച്ചു.
സിദ്ധാര്‍ത്ഥ് കൗള്‍ 88 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചു. 17 അഞ്ച് വിക്കറ്റ് നേട്ടങ്ങളുടെ സഹായത്തോടെ അദ്ദേഹം 297 വിക്കറ്റ് വീഴ്ത്തി. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍, അദ്ദേഹം 111 ലിസ്റ്റ് എ ഗെയിമുകളും 145 ടി20കളും കളിച്ചു. ലിസ്റ്റ് എ ക്രിക്കറ്റില്‍ 199 വിക്കറ്റുകളും ടി20യില്‍ 182 വിക്കറ്റുകളും അദ്ദേഹം വീഴ്ത്തി.