സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തിലും അദ്ദേഹത്തെ പ്രശംസിക്കുന്നതിലും പിന്നോട്ടില്ല. ബിജെപിയിലേക്ക് പോവുകയെന്ന മോഹം ഇപ്പോൾ ഇല്ല: തൃശൂർ മേയർ
തൃശൂർ: ബിജെപിയിലേക്ക് പോവുകയെന്ന മോഹം തനിക്ക് ഇപ്പോൾ ഇല്ലെന്ന് തൃശൂർ മേയർ എം കെ വർഗീസ്. വരുംകാലങ്ങളിൽ എന്ത് സംഭവിക്കുമെന്ന് പറയാനാവില്ല. സുരേഷ് ഗോപിക്ക് നാടിനായി പ്രവർത്തിക്കാൻ കഴിയുമെന്ന് ബോധ്യമുണ്ട്. ഒപ്പം നിൽക്കേണ്ടത് തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തിലും അദ്ദേഹത്തെ പ്രശംസിക്കുന്നതിലും പിന്നോട്ടില്ല എന്നു തന്നെയാണ് മേയർ വ്യക്തമാക്കുന്നത്.
തൃശൂരിന്‍റെ വികസനത്തിന് വേണ്ടി ആര് എന്തെല്ലാം ചെയ്താലും താൻ കൂടെ നിൽക്കണ്ടേയെന്നാണ് മേയറുടെ ചോദ്യം. കേരളത്തിൽ വളരെയധികം മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്നാണ് സുരേഷ് ഗോപിയുടെ പ്രതീക്ഷയെന്ന് മേയർ പറഞ്ഞു. വികസന കാര്യങ്ങളിൽ രാഷ്ട്രീയം നോക്കാതെ മുന്നോട്ടുപോകുമെന്നും മേയർ പറഞ്ഞു. മേയറുടെ സുരേഷ് ഗോപി സ്നേഹം കാരണം വെട്ടിലായിരിക്കുകയാണ് തൃശൂരിലെ ഇടത് മുന്നണി. ബിജെപിയിലേക്ക് തത്കാലമില്ല എന്നു മാത്രമാണ് മേയർ പറയുന്നത്. മേയർ ബിജെപിയിലേക്ക് പോയാൽ അത് ഇടതു മുന്നണിയെ പ്രതിസന്ധിയിലാക്കും. സിപിഐ നേരത്തെ തന്നെ മേയറോടുള്ള അതൃപ്തി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം കോര്‍പ്പറേഷന്‍റെ വെല്‍നെസ് സെന്‍ററിന്‍റെ ഉദ്ഘാടന ചടങ്ങിലാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസും പരസ്പരം പ്രശംസിച്ചത്. തന്‍റെ രാഷ്ട്രീയത്തിൽ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയമാണെങ്കിലും ജനങ്ങൾക്കുവേണ്ടി തന്‍റെ ഫണ്ട് വിനിയോഗിച്ച മേയറെ ആദരിക്കാനും സ്നേഹിക്കാനും മാത്രമാണ് തോന്നുന്നതെന്ന് സുരേഷ് ഗോപി ചടങ്ങിനിടെ പറഞ്ഞു. മേയർക്ക് എതിര് നിൽക്കുന്നവർ ആരാണെന്ന് നിങ്ങൾക്കറിയാമെന്നും അവരെ ജനങ്ങൾ കൈകാര്യം ചെയ്താൽ മതി എന്നും സുരേഷ് ഗോപി വ്യക്തമാക്കി. മേയര്‍ – സുരേഷ് ഗോപി അടുപ്പത്തിന് എതിരെ സിപിഐ രംഗത്ത് വന്ന പശ്ചാത്തലത്തിൽ കൂടിയായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന. തുടര്‍ന്ന് പ്രസംഗിച്ച മേയർ സുരേഷ് ഗോപിയെ പ്രശംസിച്ചു. തൃശൂരിന് സുരേഷ് ഗോപി വൻ പദ്ധതികൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്നും ജനം സുരേഷ് ഗോപിയെ പ്രതീക്ഷയാടെ കാണുന്നുവെന്നും മേയര്‍ എം കെ വര്‍ഗീസ് പറഞ്ഞു. നേരത്തെയും തൃശൂര്‍ മേയറെ പ്രശംസിച്ചുകൊണ്ട് സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു.
എം കെ വർഗീസിന്‍റെ ഒറ്റയാളുടെ പിൻബലത്തിൽ എൽഡിഎഫ് ഭരണം കയ്യാളുന്ന തൃശൂരിൽ മേയര്‍ക്ക് ബിജെപിയുമായി അടുപ്പം കൂടുതലാണെന്ന് സിപിഐക്ക് പരാതി നേരത്തെ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ വേറെ കണ്ട് സുരേഷ് ഗോപി വോട്ട് ചോദിച്ചതും അന്ന് മേയർ നടത്തിയ പ്രശംസയും ചില്ലറയൊന്നുമല്ല ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയത്. കനത്ത തോൽവിക്ക് പിന്നാലെ മേയര്‍ക്കെതിരെ നിശിത വിമർശനം സിപിഐ കമ്മിറ്റികളിൽ ഉയരുകയും ചെയ്തു. സിപിഎം ഇടപെട്ട് ഇരു കൂട്ടരെയും അനുനയിപ്പിച്ച കാര്യങ്ങൾ മുന്നോട്ടു പോകുന്നതിനിടെയാണ് വീണ്ടും സുരേഷ് ഗോപിയും മേയറും പരസ്യ പ്രകീർത്തനവുമായി രംഗത്തെത്തിയത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മേയർ ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്ന് അഭ്യൂഹവും തൃശൂരിൽ ശക്തമാണ്.