പിതാവിന്റെ മരണത്തിൽ തെളിവില്ല; മകനെ ഹൈക്കോടതി വിട്ടയച്ചു
കൊച്ചി: തൊടുപുഴ അഡീഷനല്‍ സെഷന്‍സ് കോടതി ജീവപര്യന്തം പിതാവിനെ കൊലപ്പെടുത്തിയെന്ന കേസില്‍ കുറ്റക്കാരനെന്നു കണ്ടു തടവിനു ശിക്ഷിച്ച മകനും സഹകരണ ബാങ്ക് ജീവനക്കാരനുമായ ഏബ്രഹാമിനെ (ജോസി) മതിയായ തെളിവില്ലെന്നു വിലയിരുത്തി ഹൈക്കോടതി വിട്ടയച്ചു.
ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ ഏബ്രഹാമിന്റെ അപ്പീല്‍ അനുവദിച്ചാണു ജസ്റ്റിസ് രാജ വിജയരാഘവന്‍, ജസ്റ്റിസ് ജി.ഗിരീഷ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.2013 ല്‍ നവംബര്‍ 15നായിരുന്നു സംഭവം. കൊല്ലപ്പെട്ടത് ജോസിന്റെ പിതാവ് സ്‌കറിയ(65) ആയിരുന്നു. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു പ്രോസിക്യൂഷന്‍ കേസ് എടുത്തത്.
കുടുംബ വഴക്കാണ് കൊലപാതകത്തില്‍ എത്തിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ തെളിവുകളിലെ പൊരുത്തക്കേടുകളും പഴുതുകളും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷനു സാഹചര്യങ്ങള്‍ കൃത്യമായി സ്ഥാപിക്കാനായില്ലെന്നു കോടതി പറഞ്ഞു. പ്രതിക്കായി സീനിയര്‍ അഭിഭാഷകന്‍ പി.വിജയഭാനു ഹാജരായി.