കേരളത്തിനുള്ള സഹായങ്ങള്‍: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി തീരുമാനമെടുക്കുമെന്ന് നിര്‍മല സീതാരാമന്‍

കേരളത്തിനുള്ള സഹായങ്ങള്‍: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി തീരുമാനമെടുക്കുമെന്ന് നിര്‍മല സീതാരാമന്‍

കേരളത്തിന്റെ വികസന മേഖലകളില്‍ മെച്ചപ്പെട്ട സഹായം നല്‍കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍ 11നും 12നും മുഖ്യമന്ത്രി ഡല്‍ഹിയിലെത്തുന്നുണ്ട്. മിക്കവാറും 12-നായിരിക്കും ധനമന്ത്രിയുമായുള്ള മുഖ്യമന്ത്രിയുടെ ചര്‍ച്ചയെന്ന് കെവി തോമസ് പറഞ്ഞു.

525 കോടി രൂപയുടെ കടസഹായം മാര്‍ച്ച് 31-മുന്‍പ് പൂര്‍ണമായി ചെലഴിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ പ്രത്യേക പരിഗണന ഈ തുക ചെലവഴിക്കുന്ന കാര്യത്തില്‍ ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഴിഞ്ഞം പദ്ധതിക്കുള്ള കേന്ദ്രസാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് ചര്‍ച്ച നടക്കുകയാണെന്ന് ധനമന്ത്രി അറിയിച്ചു. കേരളത്തിന് അതിവേഗ റയില്‍വേ സംവിധാനം നടപ്പാക്കുന്നതിന് ഇ. ശ്രീധരന്‍ നല്‍കിയിട്ടുള്ള പദ്ധതികള്‍ പരിശോധിച്ച് നടപടികളെടുക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.

ആശ വര്‍ക്കര്‍മാരുടെ വിഷയത്തില്‍ കേന്ദ്രധനമന്ത്രിയുമായി ചര്‍ച്ച ചെയ്യാന്‍ പോയ കെവി തോമസിന് കണക്കുകള്‍ കാണിക്കാനാവാതെ മടങ്ങേണ്ടി വന്നിരുന്നു. ചര്‍ച്ചയില്‍ നിര്‍മലാ സീതാരാമന്‍ വിശദാംശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെതോടെയാണ് പ്രൊഫ. കെ.വി. തോമസിന് കൈമലര്‍ത്തേണ്ടി വന്നത്.

സര്‍ക്കാരിന്റെ നോട്ട് കിട്ടിയാല്‍ അത് മന്ത്രിക്ക് നല്‍കുമെന്നും ഇപ്പോള്‍ തന്റെ കൈയില്‍ കണക്കൊന്നും ഇല്ലെന്നും തോമസ് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായതിനാല്‍ അതിലെന്താണ് പ്രശ്‌നമെന്ന് പരിശോധിക്കാമെന്ന് മന്ത്രി അറിയിച്ചെന്നും ആശ വര്‍ക്കര്‍മാരുടെ പ്രശ്‌നംമാത്രം അറിയിക്കാനല്ല മന്ത്രിയെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആശ പ്രവര്‍ത്തകരുടെ വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തില്‍നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. ആശാവര്‍ക്കര്‍മാരുടെ സമരം മാത്രമല്ല സംസ്ഥാനത്തെ പ്രശ്‌നമെന്നാണ് കെ.വി. തോമസ് പ്രതികരിച്ചത്. തുടര്‍ന്ന് മറുപടി പൂര്‍ത്തിയാക്കാതെ അദ്ദേഹം മടങ്ങി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus ( )