പുതുവർഷമെത്തി; ആവേശത്തോടെ 2025-ലേക്ക്

പുതുവർഷമെത്തി; ആവേശത്തോടെ 2025-ലേക്ക്

പുതുവര്‍ഷത്തെ വരവേറ്റ് കേരളം. നഗരങ്ങളിലും വിനോദ സഞ്ചാര മേഖലകളിലും ന്യൂയര്‍ ആഘോഷത്തി മയങ്ങി. കേരളത്തിലങ്ങോളം ഇങ്ങോളം പുതുവത്സരത്തെ വരവേല്‍ക്കാനുള്ള ആവേശത്തിലായിരുന്നു ആളുകള്‍. ആഘോഷങ്ങള്‍ അതിരുവിടാതിരിക്കാന്‍ പൊലീസിന്റെ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. കോവളം, വര്‍ക്കല, ഫോര്‍ട്ട് കൊച്ചി, കോഴിക്കോട് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ തോതിലുള്ള ആഘോഷങ്ങളാണ് നടന്നത്. പുതുവത്സരാഘോഷം നടക്കുന്ന പ്രധാന സ്ഥലമായ ഫോര്‍ട്ട് കൊച്ചി വെളി ഗ്രൗണ്ടില്‍ വന്‍ ജനാവലിയാണ് എത്തിയത്.

ഫോര്‍ട്ട്‌കൊച്ചി പരേഡ് മൈതാനത്ത് ഇത്തവണ പപ്പാഞ്ഞിയെ കത്തിക്കാത്തതിനാല്‍ വെളി മൈതാനമാണ് ആഘോഷത്തിന്റെ കേന്ദ്രം. അപകട സാധ്യത കുറയ്ക്കാന്‍ വെളി മൈതാനത്തെ പപ്പാഞ്ഞിയെ കത്തിച്ചത് ഇത്തവണ റിമോട്ട് സംവിധാനത്തിലൂടെയായിരുന്നു. നടന്‍ വിനയ് ഫോര്‍ട്ടാണ് തീ കൊളുത്തിയത്. 42 അടി ഉയരമുള്ള പപ്പാഞ്ഞിയെയാണ് കത്തിച്ചത്. കാക്കനാട്, മലയാറ്റൂര്‍ മലയടിവാരം, പള്ളുരുത്തി എന്നിവിടങ്ങളില്‍ പപ്പാഞ്ഞിമാരെ അഗ്‌നിക്കിരയാക്കി പുതുവത്സരത്തെ വരവേറ്റു.

ലോകം കണ്ണുനട്ട് കാത്തിരുന്നപ്പോള്‍ പുതുവത്സരത്തെ ആദ്യം വരവേറ്റത് കിരിബാത്തി ദ്വീപാണ്. ഇന്ത്യ പുതുവത്സരം ആഘോഷിക്കുന്നതിനെക്കാള്‍ എട്ടര മണിക്കൂര്‍ മുന്നേ ആയിരുന്നു ദ്വീപിലെ ആഘോഷം. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30ന് ആണ് കിരിബാസിലെ ക്രിസ്മസ് ദ്വീപില്‍ പുതുവര്‍ഷം പിറന്നത്. അമേരിക്കയിലെ ബേക്കര്‍ ഐലണ്ടിലും ഹൗലന്‍ഡ് ഐലണ്ടിലുമാണ് ഏറ്റവുമൊടുവില്‍ പുതുവത്സരമെത്തുന്നത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )