
‘ഗൗതം ഗംഭീര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിട്ടുപോയെന്ന് ഒരിക്കലും തോന്നിയിട്ടില്ല’; ഷാരൂഖ് ഖാന്‍
ഗൗതം ഗംഭീര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിട്ടുപോയതായി തനിക്ക് ഒരിക്കലും തോന്നിയിട്ടില്ലെന്ന് കെകെആര്‍ ഉടമയും ബോളിവുഡ് സൂപ്പര്‍സ്റ്റാറുമായ ഷാരൂഖ് ഖാന്‍. കൊല്‍ക്കത്ത ചാംപ്യന്മാരായ 2024 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിലായിരുന്നു ടീം മെന്ററായി ഗംഭീര്‍ കെകെആറിലേക്ക് തിരിച്ചെത്തിയത്. 2024 ഐപിഎല്‍ സീസണിന് ശേഷം ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകനായി നിയമിക്കപ്പെട്ട ഗംഭീര്‍ കൊല്‍ക്കത്ത വിടുകയായിരുന്നു.
‘ഗൗതം ഗംഭീര്‍ കൊല്‍ക്കത്ത വിട്ടുപോയെന്ന് ഒരിക്കലും തോന്നിയിട്ടില്ല. അദ്ദേഹവുമായി വര്‍ഷങ്ങള്‍ നീണ്ട മികച്ച ബന്ധമാണുള്ളത്. കുറച്ച് കളിക്കാരുമായി മാത്രമാണ് എനിക്ക് ശക്തമായ സൗഹൃദങ്ങളുള്ളത്. ഗൗതം ഗംഭീര്‍ അവരിലൊരാളാണ്. കൊല്‍ക്കത്തയിലേക്കുള്ള തിരിച്ചുവരവ് അദ്ദേഹത്തിന് വലിയ ‘ഹോം കമിങ്’ ആയിരുന്നു’, ഷാരൂഖ് പറഞ്ഞു.
‘ഗൗതം ഗംഭീര്‍ കൊല്‍ക്കത്തയ്ക്കൊപ്പം ഇല്ലാതിരുന്ന സമയങ്ങളില്‍ ടീമിന്റെ ഘടനയിലും പ്രകടനത്തിലും ഒരു ശൂന്യത അവശേഷിക്കുന്നത് പോലെ തോന്നി. ആ ഘട്ടത്തില്‍ ടീമിന് ദിശാബോധം നഷ്ടപ്പെട്ടതുപോലെയും പരിഭ്രാന്തി ഉടലെടുക്കുകയും ചെയ്തു. കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ലെന്ന് എല്ലാവര്‍ക്കും തന്നെ മനസ്സിലായിട്ടുണ്ടാവും. ഗൗതം വീണ്ടും കൊല്‍ക്കത്തയില്‍ തിരിച്ചെത്തിയിരുന്ന സമയത്ത്, ഗൗതം ഗംഭീര്‍ പോയതിന് ശേഷം കെകെആറിന് സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യം ഗൗതം ഗംഭീറിന്റെ തിരിച്ചുവരവാണെന്ന് ഞാന്‍ ട്വീറ്റ് ചെയ്തത് ഓര്‍ക്കുന്നു’, ഷാരൂഖ് കൂട്ടിച്ചേര്‍ത്തു.