നെന്മാറ ഇരട്ടക്കൊലക്കേസ്: ജനകീയ പ്രതിഷേധത്തില്‍ കണ്ടാലറിയാവുന്ന 14 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകത്തെ തുടര്‍ന്നുണ്ടായ ജനകീയ പ്രതിഷേധത്തില്‍ കേസെടുത്ത് പൊലീസ്. പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ച കണ്ടാലറിയാവുന്ന 14 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസ് സ്റ്റേഷന്റെ ഗേറ്റും കവാടവും തകര്‍ത്തതിനാണ് കേസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് നടപടി എടുത്തിരിക്കുന്നത്.
അതെസമയം, ചെന്താമരക്കായി പൊലീസ് തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും. ക്രൈം സീന്‍ പോത്തുണ്ടിയില്‍ പുനരാവിഷ്കരിക്കും. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയോടെ ആയിരിക്കും തെളിവെടുപ്പ് നടത്തുക. കേസില്‍ ചെന്താമരയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. കസ്റ്റഡിയില്‍ വാങ്ങും മുന്‍പ് മൊഴി രേഖപ്പെടുത്താന്‍ തീരുമാനം. കോടതിയില്‍ ചെന്താമര തെറ്റ് ഏറ്റുപറഞ്ഞതും രേഖയാക്കും.
കൃത്യമായ ആസൂത്രണത്തിലൂടെ പ്രതി നടപ്പാക്കിയ കൊലപാതകമെന്ന് തെളിയിക്കാന്‍ പുനരാവിഷ്ക്കരണം അടക്കം ആവശ്യമാണെന്നാണ് പൊലീസ് പറയുന്നത്. പക്ഷേ നാട്ടുകാരുടെ പ്രതിഷേധം വെല്ലുവിളിയാകും. അതിനാല്‍ രഹസ്യമായായിരിക്കും പൊലീസിന്റെ നീക്കങ്ങള്‍. പ്രതിഷേധം തണുത്തശേഷം തെളിവെടുപ്പ് മതിയെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം. പൊലീസിനെ പോലും അമ്പരപ്പിച്ച് സ്റ്റേഷന് മുന്നിലെ വികാരപ്രകടനങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.